ചെന്നൈ: സർക്കാർ രൂപവത്കരിക്കുന്നതിനുള്ള അനുമതി തേടി രണ്ടാംവട്ടവും കാണാനെത്തിയ വിജയ്‌യെ തിരിച്ചയച്ച് ഗവർണർ. 118 എംഎൽഎമാരുടെ പിന്തുണ ഉള്ളതായി വ്യക്തമാക്കുന്ന കത്തുമായി വരാനാണ് ടിവികെ നേതാവ് വിജയ്‌യോട് ഗവർണർ നിർദേശിച്ചത്.
ബുധനാഴ്ച വിജയ്‌യും ഗവർണർ രാജേന്ദ്ര ആർലേക്കറും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അപ്പോഴും സർക്കാർ രൂപവത്കരണത്തിന് ആവശ്യമായ എംഎൽഎമാരുടെ പിന്തുണ രേഖാമൂലം നൽകാൻ വിജയ്ക്ക് സാധിച്ചിരുന്നില്ല. തുടർന്നാണ് ഇന്ന് വീണ്ടും വിജയ് ഗവർണറെ കണ്ടത്. ഇത്തവണയും പിന്തുണയ്ക്കുന്ന അംഗങ്ങൾ ഒപ്പിട്ട കത്ത് വിജയ് ഹാജരാക്കിയില്ല.
ഭാവി സഖ്യത്തെക്കുറിച്ചും ഗവർണർ വിജയ്‌യോട് ചോദിച്ചറിഞ്ഞതായാണ് വിവരം. രണ്ട് ഇടതുപാർട്ടികളുടേയും രണ്ട് പ്രാദേശിക പാർട്ടികളുടേയും പിന്തുണ ഉണ്ടെന്നും വിജയ് വ്യക്തമാക്കിയിരുന്നു. വിശ്വാസ വോട്ടെടുപ്പ് നേരിടാൻ താൻ തയ്യാറാണെന്ന് വിജയ് ഗവർണെ അറിയിച്ചു. തുടർന്നാണ് കത്തുമായി വരാൻ ഗവർണർ ആവശ്യപ്പെട്ടത്.






