ഈ കൊടും ചൂടില്‍ ദിവസം മൂന്ന് നേരം കുളിച്ചാലും മതിയാകാത്ത അവസ്ഥയാണ്. ശരീരം തണുപ്പിക്കാന്‍ ഏറെ നേരം വെള്ളത്തില്‍ കുളിക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് വിദഗ്ധര്‍ പറയുന്നു. പത്തു മിനിറ്റു മുതല്‍ ഒരു മണിക്കൂര്‍ വരെ കുളിക്കാന്‍ സമയമെടുക്കുന്നവരുണ്ട്. ഇങ്ങനെ ഒരുപാട് നേരം വെള്ളത്തില്‍ നിന്നാല്‍ എക്‌സിമ പോലുള്ള പ്രശ്‌നങ്ങള്‍ വരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.
സമയം ഏറെയെടുത്തുള്ള കുളി ചര്‍മത്തെ പെട്ടെന്ന് വരണ്ടതാക്കുകയും എക്‌സിമ ലക്ഷണങ്ങള്‍ കൂട്ടുകയും ചെയ്യും. ചര്‍മത്തിലുണ്ടാകുന്ന നീര്‍ക്കെട്ടാണ് എക്‌സിമ. അക്യൂട്ട് എക്‌സിമ, സബ് അക്യൂട്ട് എക്‌സിമ, ക്രോണിക് എക്‌സിമ എന്നിങ്ങനെ മൂന്നുവിധലുണ്ട്. ചുവപ്പ്, കുമിളകള്‍, പുകച്ചില്‍, നീരൊലിപ്പ്, പൊറ്റ, ചര്‍മ്മത്തില്‍ കട്ടിയോടെ കറുപ്പുനിറം എന്നിങ്ങനെയാണ് ലക്ഷണങ്ങള്‍.
ഡെര്‍മറ്റൈറ്റിസ്, വിവിധ തരത്തിലുള്ള അലര്‍ജികള്‍ ഉള്ളവര്‍, ആസ്ത്മ രോഗികള്‍ തുടങ്ങിയവരില്‍ എക്‌സിമ വരാനുള്ള സാധ്യത കൂടുതലാണ്. കുട്ടികള്‍ക്കാണ് കൂടുതല്‍ വരുന്നതെങ്കിലും ഏത് പ്രായക്കാരേയും ബാധിക്കാം. സോപ്പുകളുടെ അമിതോപയോഗം കുറയ്ക്കുക എന്നതാണ് പ്രധാന പോംവഴി. ശരീരം വരണ്ടതാകാതിരിക്കാന്‍ മോയ്‌സചറൈസര്‍ ഉപയോഗിക്കുകയും ചെയ്യുക.






