തെറ്റായ നമ്പറിലേക്ക് റീചാർജ് പോകുന്നത് പലർക്കും സംഭവിക്കുന്ന സാധാരണ അബദ്ധമാണ്. പ്രത്യേകിച്ച് വലിയ തുകയ്ക്കുള്ള പ്ലാനുകൾ റീചാർജ് ചെയ്യുമ്പോൾ ഇത്തരം പിഴവ് സംഭവിച്ചാൽ ഉപഭോക്താക്കൾക്ക് വലിയ നഷ്ടമാകും. ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ്. തെറ്റായ നമ്പറിലേക്ക് റീചാർജ് ചെയ്താലും പണം തിരികെ ലഭിക്കുന്ന പുതിയ സൗകര്യം ജിയോ അവതരിപ്പിച്ചു.
പരിമിതമായ സമയത്തിനുള്ളിൽ മൈജിയോ ആപ്പിലൂടെ റീഫണ്ടിനായി അപേക്ഷിക്കാമെന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കുന്നത്. ഇനി തെറ്റായി റീചാർജ് ലഭിച്ച നമ്പറിന്റെ ഉടമയെ കണ്ടെത്തി ബന്ധപ്പെടേണ്ട ബുദ്ധിമുട്ടില്ലെന്നും ജിയോ അറിയിച്ചു.
എന്നാൽ ഈ സൗകര്യം മൈജിയോ ആപ്പിലൂടെ ചെയ്ത റീചാർജുകൾക്കു മാത്രമാണ് ലഭിക്കുക. പേടിഎം, ഫോൺപേ പോലുള്ള മൂന്നാംകക്ഷി ആപ്പുകൾ വഴി നടത്തിയ റീചാർജുകൾക്ക് ഈ സംവിധാനം ബാധകമല്ല. കൂടാതെ റീചാർജ് ചെയ്തതിന് ശേഷം മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ റീഫണ്ടിനുള്ള നടപടികൾ ആരംഭിക്കണമെന്നും ജിയോ നിർദേശിക്കുന്നു.
റീഫണ്ട് ലഭിക്കാൻ ആദ്യം മൈജിയോ ആപ്പ് തുറന്ന് ലോഗിൻ ചെയ്യണം. തുടർന്ന് ട്രാൻസാക്ഷൻ ഹിസ്റ്ററിയിൽ പോയി തെറ്റായി ചെയ്ത റീചാർജ് കണ്ടെത്തണം. അതിന് ശേഷം “പ്ലാൻ റദ്ദാക്കുക” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. റീചാർജ് ചെയ്തതിന് ശേഷം കുറച്ചുസമയം മാത്രമേ ഈ ഓപ്ഷൻ ലഭ്യമാകൂ. തുടർന്ന് റദ്ദാക്കാനുള്ള കാരണം രേഖപ്പെടുത്തി, റീഫണ്ട് ലഭിക്കേണ്ട മാർഗം തിരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കാം.






