ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് പിന്നാലെ വിജയ്ക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഗവർണർ രാജേന്ദ്ര അർലേക്കർ വിജയിയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിക്കാത്തതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ഡിഎംകെ, എംഎൻഎം, വിദുതലൈ ചിരുതൈകൾ കക്ഷി, സിപിഐ അടക്കമുള്ള പാർട്ടികൾ ഗവർണറുടെ നടപടി ജനവിധിയോടുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ചു.
ആദ്യമായി മത്സരിച്ച തിരഞ്ഞെടുപ്പിൽ വിജയിയുടെ ടിവികെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. കോൺഗ്രസിന്റെ പിന്തുണയോടെ 113 എംഎൽഎമാരുടെ പിന്തുണയാണ് ഇപ്പോൾ പാർട്ടിക്കുള്ളത്. എന്നാൽ കേവല ഭൂരിപക്ഷത്തിനായി 118 സീറ്റുകൾ ആവശ്യമാണ്.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ സത്യപ്രതിജ്ഞയ്ക്കുശേഷം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാമെന്നാണ് വിജയിയുടെയും മറ്റ് പാർട്ടികളുടെയും നിലപാട്. കമൽഹാസൻ ഉൾപ്പെടെയുള്ള നേതാക്കൾ, വിജയിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തത് ജനാധിപത്യത്തെ അവഗണിക്കുന്ന നടപടിയാണെന്ന് വിമർശിച്ചു






