തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യാക്ക് ശ്രമിച്ചു. കോട്ടയം കുറുപ്പന്തറ സ്വദേശിയായ ഫ്രാൻസിസ് ആണ് ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സംഭവം ശ്രദ്ധയിൽപ്പെട്ട പോലീസുകാർ ഉടൻ ഇടപെട്ട് ഫ്രാൻസിസിനെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. ഇതോടെ വലിയ അപകടം ഒഴിവായി.
അതേസമയം, കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി സ്ഥാന ചർച്ചകൾ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾക്കും ഫ്ലക്സ് യുദ്ധങ്ങൾക്കും കാരണമായി. കെപിസിസി ആസ്ഥാനത്ത് സ്ഥാപിച്ച കെ.സി. വേണുഗോപാൽനെ അനുകൂലിച്ച ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ച് വികൃതമാക്കിയതായി റിപ്പോർട്ടുണ്ട്. ഇതിന് മുമ്പ് അതേ ഫ്ലക്സിൽ ഒരു വിഭാഗം പ്രവർത്തകർ പാലഭിഷേകവും നടത്തിയിരുന്നു.
വി.ഡി. സതീശൻ അനുകൂലികൾ ആലുവയിൽ വാഹന പ്രകടനവും നടത്തി. എരുമേലി പമ്പാവാലിയിലും പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു. സെക്രട്ടേറിയറ്റിന് മുമ്പും ഇരുനേതാക്കളെയും അനുകൂലിച്ച ഫ്ലക്സുകൾ ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ ഫ്ലക്സ് യുദ്ധങ്ങളും പ്രതിഷേധങ്ങളും തുടരുകയാണ്.






