സോഷ്യൽ മീഡിയയിൽ പ്രചരിച്ച തന്റെ മരണവാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കി ബോളിവുഡ് താരം ശക്തി കപൂർ രംഗത്തെത്തി. വ്യാഴാഴ്ച ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ച 73-കാരനായ താരം, താൻ പൂർണ്ണ ആരോഗ്യവാനാണെന്നും സന്തോഷവാനാണെന്നും അറിയിച്ചു. “എന്റെ മരണവാർത്തകൾ എല്ലാം തെറ്റാണ്. ദയവായി അവ അവഗണിക്കുക” എന്നാണ് അദ്ദേഹം പറഞ്ഞത്.
തന്നെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സൈബർ പരാതി നൽകുമെന്നും താരം പറഞ്ഞു. വീഡിയോയ്ക്ക് പിന്നാലെ നിരവധി ആരാധകർ കമന്റുകളിലൂടെ ആശ്വാസം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന് നല്ല ആരോഗ്യ ജീവിതം ആശംസിക്കുകയും ചെയ്തു.
ഒരുകാലത്ത് ബോളിവുഡിലെ പ്രമുഖ വില്ലൻ-കൊമേഡിയൻ താരങ്ങളിൽ ഒരാളായ ശക്തി കപൂർ, 700-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകൾ ശ്രദ്ധ കപൂർ ഇപ്പോൾ ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ്. പിതാവിന്റെ കഠിനാധ്വാന ജീവിതം തന്നെ ഏറെ പ്രചോദിപ്പിച്ചതായി ശ്രദ്ധ കപൂർ മുമ്പ് പറഞ്ഞിരുന്നു. സിനിമാ അവസരങ്ങൾ തേടി സംവിധായകരുടെ വീടുകളിലേക്ക് പോലും അദ്ദേഹം നേരിട്ട് പോയിരുന്നുവെന്നും, അങ്ങനെ നിരവധി വേഷങ്ങൾ നേടിയെടുത്തുവെന്നും അവർ പറഞ്ഞു. രാജാ ബാബു, അന്ദാസ് അപ്‌ന അപ്‌ന, ചുപ് ചുപ് കെ, ഹംഗാമ, ഭാഗം ഭാഗ് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ശക്തി കപൂർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.






