ആംസ്റ്റർഡാം: നെതർലൻഡ്സ് ആസ്ഥാനമായ ക്രൂയിസ് കപ്പലിൽ ഹാൻ്റ വൈറസ് വ്യാപിച്ചതിനെ തുടർന്ന് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർ ജാഗ്രത ശക്തമാക്കി. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് കപ്പലിൽ നിന്ന് ഇറങ്ങിയ യാത്രക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
എം.വി. ഹോണ്ടിയസ് എന്ന കപ്പലിൽ ഉണ്ടായിരുന്ന 5 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 3 പേർ മരണമടഞ്ഞു. രോഗലക്ഷണങ്ങൾ പ്രകടമാകാൻ ആറാഴ്ച വരെ എടുക്കാൻ സാധ്യതയുള്ളതിനാൽ കൂടുതൽ കേസുകൾ ഉണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഏപ്രിൽ 1-ന് അർജന്റീനയിലെ ഉഷുവായയിൽ നിന്ന് യാത്ര ആരംഭിച്ച കപ്പൽ മെയ് 10-ന് സ്പെയിനിലെ കാനറി ദ്വീപിൽ എത്താനായിരുന്നു പദ്ധതി. 150 യാത്രക്കാരും 61 ജീവനക്കാരുമായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ഇവർ 28 രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ഏപ്രിൽ 24-ന് യുകെയുടെ മേൽനോട്ടത്തിലുള്ള സെൻ്റ് ഹെലീന ദ്വീപിൽ 32 യാത്രക്കാർ കപ്പലിൽ നിന്ന് ഇറങ്ങിയതായി റിപ്പോർട്ടുണ്ട്. കപ്പലിൽ ഫിലിപ്പീൻസ് പൗരന്മാരാണ് കൂടുതലായി ഉണ്ടായിരുന്നത്. കൂടാതെ യുകെ, യുഎസ്, നെതർലൻഡ്സ്, സ്പെയിൻ, കാനഡ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും രണ്ട് ഇന്ത്യൻ ജീവനക്കാരും കപ്പലിൽ ഉണ്ടായിരുന്നു.
എലികളുടെ മൂത്രം, കാഷ്ടം, ഉമിനീർ എന്നിവയിലൂടെ മലിനമായ വായു ശ്വസിക്കുന്നതിലൂടെ വൈറസ് മനുഷ്യരിലേക്ക് പകരുന്നതാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരൽ വളരെ അപൂർവമാണെന്നും പറയുന്നു.
കപ്പലിലെ യാത്രക്കാരെ നിരീക്ഷിക്കുന്ന 12 രാജ്യങ്ങളുമായി ലോകാരോഗ്യ സംഘടന ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ട്. അതേസമയം, ഹാൻ്റ വൈറസ് വ്യാപനം കോവിഡ് പോലെ വലിയ മഹാമാരിയാകില്ലെന്നും, അടുത്ത സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നതെന്നും ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ വിഭാഗം അറിയിച്ചു.






