വയനാട്: മുഖ്യമന്ത്രിസ്ഥാനത്തേക്ക് വി.ഡി. സതീശൻനെ പിന്തുണച്ചില്ലെന്നാരോപിച്ച് കോൺഗ്രസ് പുല്പള്ളി മണ്ഡലം കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിനിടെയായിരുന്നു നേതാക്കൾ തമ്മിൽ തർക്കമുണ്ടായത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ പിന്തുണച്ചതാണ് ഐ.സി. ബാലകൃഷ്ണനെതിരെ ഒരു വിഭാഗം നേതാക്കളെ ചൊടിപ്പിച്ചത്. സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നതിന് മുൻപ് പ്രാദേശിക നേതാക്കളുമായി ചർച്ച നടത്തേണ്ടിയിരുന്നുവെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു.
ഐ.സി. ബാലകൃഷ്ണനെ പിന്തുണച്ച് ചില നേതാക്കൾ രംഗത്തെത്തിയെങ്കിലും ഭൂരിപക്ഷ നേതാക്കൾ അതിനെ എതിർത്തു. കഴിഞ്ഞ അഞ്ച് വർഷമായി പ്രതിപക്ഷ നേതാവായി മുന്നണിയെ നയിച്ച വി.ഡി. സതീശനെയാണ് മുഖ്യമന്ത്രിയാക്കേണ്ടതെന്നായിരുന്നു യോഗത്തിലെ ഭൂരിപക്ഷ അഭിപ്രായം. യോഗത്തിൽ പങ്കെടുത്ത മുതിർന്ന നേതാക്കൾ വിഷയത്തിൽ കൂടുതൽ തർക്കം വേണ്ടെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡാണെന്നും വ്യക്തമാക്കി പ്രതിഷേധം ശമിപ്പിച്ചു.
അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പുല്പള്ളി മണ്ഡലത്തിൽ യുഡിഎഫിന് വോട്ടുകുറഞ്ഞതും യോഗത്തിൽ ചർച്ചയായി. പത്ത് ബൂത്തുകളിൽ യുഡിഎഫ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതായി നേതാക്കൾ ചൂണ്ടിക്കാട്ടി. ഇതിൽ ഒൻപത് ബൂത്തുകളിൽ എൽഡിഎഫും ഒരു ബൂത്തിൽ ബി.ജെ.പി.യും മുന്നിലെത്തി. പ്രചാരണ പ്രവർത്തനങ്ങളിൽ ഏകോപനക്കുറവ് ഉണ്ടായെന്നാണ് യോഗത്തിലെ പ്രധാന വിമർശനം.






