ബെംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ ഡി സുധാകർ അന്തരിച്ചു. 66 വയസ്സായിരുന്നു. അസുഖബാധയെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.
നാലുതവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട സുധാകർ 2004ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. അന്ന് അദ്ദേഹം കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചാണ് വിജയം നേടിയത്. 2008ൽ പാർട്ടി ടിക്കറ്റിൽ അവസരം ലഭിക്കാതിരുന്നപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച് അദ്ദേഹം വീണ്ടും നിയമസഭയിലെത്തി.
തുടർന്ന് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം 2013ലും 2023ലും വീണ്ടും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. 2023ൽ മന്ത്രിസ്ഥാനവും ലഭിച്ചിരുന്നു.






