കൊല്ലം: പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് മുൻപേ ജില്ലയിലെ വിവിധ വകുപ്പുകളിൽ വ്യാപക സ്ഥലംമാറ്റങ്ങൾ നടക്കുന്നതായി ആരോപണം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യു.ഡി.എഫ് അനുകൂല സർവീസ് സംഘടനകളുടെ ഇടപെടലോടെയാണ് നടപടികൾ നടക്കുന്നതെന്നാണ് വിമർശനം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വിവിധ ജില്ലാ ഓഫീസുകളിലായി നിരവധി സ്ഥലംമാറ്റങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്.
സഹകരണ വകുപ്പിൽ ശാസ്താംകോട്ട, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിലെ സൂപ്രണ്ടുമാരെ സ്ഥലംമാറ്റി. ജില്ലാ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലുള്ള ജീവനക്കാരെയും മാറ്റിയിട്ടുണ്ട്. ക്ലാസ്-4 ജീവനക്കാരുടെ സ്ഥലംമാറ്റം അപേക്ഷയുടെ അടിസ്ഥാനത്തിൽ മാത്രമേ നടത്താവൂ എന്ന സർക്കാർ ഉത്തരവ് നിലവിലുണ്ടായിരുന്നുവെങ്കിലും ചട്ടം ലംഘിച്ചാണ് മാറ്റം നടത്തിയതെന്ന ആരോപണവും ഉയർന്നു.
ഇതിനെതിരെ എൻ.ജി.ഒ യൂണിയൻ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്ന് ഉത്തരവ് പിൻവലിക്കുകയായിരുന്നു. ഭരണസൗകര്യത്തിന്റെ പേരിൽ നൽകിയ ഉത്തരവുകൾ കോൺഗ്രസ് അനുകൂല സംഘടനയായ കേരള എൻ.ജി.ഒ അസോസിയേഷന്റെ ശുപാർശ പ്രകാരമാണെന്നും ആരോപണമുണ്ട്.
ഇതിനിടെ കൊല്ലം റൂറൽ പൊലീസിലും ജൂനിയർ സൂപ്രണ്ട്, സീനിയർ ക്ലാർക്ക്, ക്ലാർക്ക് തസ്തികകളിൽ സ്ഥലംമാറ്റം നടന്നു. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ നേതൃത്വത്തിൽ ലഡു വിതരണം നടത്തിയ സംഭവവും വിവാദമായി.
ലഡു വിതരണത്തിന് ഒരു പൊലീസ് ഉദ്യോഗസ്ഥനും നേതൃത്വം നൽകിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്.






