ന്യൂഡൽഹി: രാജ്യത്ത് മെയ് 15ന് മുൻപ് പെട്രോൾ, ഡീസൽ വില വർധിക്കാനിടയുണ്ടെന്ന് റിപ്പോർട്ടുകൾ. ആഗോള ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതിനെ തുടർന്ന് പൊതുമേഖല എണ്ണക്കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടിവരുന്നതായാണ് വിവരം. മിഡിൽ ഈസ്റ്റിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽ നിന്ന് 126 ഡോളർ വരെ ഉയർന്നു. ഇതോടെ എണ്ണവിപണന കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, ആഗോള വിപണിയിൽ എണ്ണവില ഉയർന്നിട്ടും ഇന്ത്യയിൽ ഇതുവരെ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിട്ടില്ല. നിലവിൽ പെട്രോളിന് ലിറ്ററിന് ഏകദേശം 24 രൂപയും ഡീസലിന് 30 രൂപവരെ കേന്ദ്രസർക്കാരും എണ്ണക്കമ്പനികളും ചേർന്ന് വഹിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇന്ധനവില വർധന സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഉടൻ തന്നെ വില കൂട്ടേണ്ടിവരുമെന്ന ആശങ്ക ഉയരുന്നുണ്ട്.






