എറണാകുളം: സർവീസ് നിർത്തിവയ്ക്കൽ ഉൾപ്പെടെ യാത്രക്കാരെ ദുരിതത്തിലാക്കുന്ന രീതിയിൽ നിയമലംഘനം നടത്തിയതായി കണ്ടെത്തിയ നാൽപതോളം സ്വകാര്യ ബസുകൾക്കെതിരെ നടപടി സ്വീകരിക്കാൻ റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഒരുങ്ങുന്നു. കൊച്ചി നഗരത്തിലും ഗോശ്രീ മേഖലയിലും സർവീസ് മുടക്കിയ ബസുകളും, കഴിഞ്ഞ വർഷം കാക്കനാട് റൂട്ടിൽ മിന്നൽ പണിമുടക്ക് നടത്തിയ ബസുകളും നടപടിപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. കലക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന ആർടിഎ യോഗം ഇതിനായുള്ള വാദപ്രതിവാദങ്ങൾ നേരത്തേ പൂർത്തിയാക്കിയിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പും പെരുമാറ്റച്ചട്ടവും കാരണം ശിക്ഷാനടപടികൾ പ്രഖ്യാപിക്കുന്നത് വൈകുകയായിരുന്നു.
ആർടിഎ അംഗങ്ങളായ റൂറൽ പൊലീസ് മേധാവിയുമായും ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറുമായും ചർച്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക.
കഴിഞ്ഞ വർഷം നവംബർ 3നാണ് കാക്കനാട് റൂട്ടിൽ സ്വകാര്യ ബസുകൾ അപ്രഖ്യാപിത പണിമുടക്ക് നടത്തിയത്. മുൻകൂർ അറിയിപ്പില്ലാതെ സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലിയ ബുദ്ധിമുട്ടിലായി. ഇതിനെ തുടർന്ന് ബന്ധപ്പെട്ട ബസുകളുടെ പെർമിറ്റ് സസ്പെൻഡ് ചെയ്യണമെന്ന ശുപാർശ മോട്ടോർ വാഹന വകുപ്പ് ആർടിഎയ്ക്ക് സമർപ്പിച്ചിരുന്നു.
കാക്കനാട് സ്റ്റാൻഡിലും പരിസര പ്രദേശങ്ങളിലും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയ്ക്കിടെ ഉണ്ടായ തർക്കമാണ് അന്നത്തെ പണിമുടക്കിലേക്ക് നയിച്ചത്. ട്രിപ്പ് മുടക്കൽ, യൂണിഫോം ധരിക്കാത്ത കണ്ടക്ടർമാർ, ലൈസൻസ് ലംഘനങ്ങൾ തുടങ്ങിയ പരാതികളിൽ നടപടിയെടുക്കാനെത്തിയ ഉദ്യോഗസ്ഥരുമായി ബസ് ജീവനക്കാർ വാക്കേറ്റത്തിൽ ഏർപ്പെട്ടതോടെയാണ് സർവീസ് നിലച്ചത്. ബസുടമകളും ജീവനക്കാരുടെ നിലപാടിനെ പിന്തുണച്ചിരുന്നു.
പൊലീസും യാത്രക്കാരും ആവശ്യപ്പെട്ടിട്ടും സർവീസ് പുനരാരംഭിക്കാൻ ബസുകൾ തയ്യാറായിരുന്നില്ല. ഇതുകൂടാതെ കൊച്ചി നഗരത്തിലും ഗോശ്രീ മേഖലയിലും സർവീസ് മുടക്കിയ ചില സ്വകാര്യ ബസുകൾക്കെതിരെയും ആർടിഎ നടപടി പരിഗണിക്കുന്നുണ്ട്.
പെർമിറ്റ് സസ്പെൻഡ് ചെയ്യൽ, പിഴ ഈടാക്കൽ തുടങ്ങിയ നടപടികളാണ് സാധ്യതയുള്ളത്. അടുത്ത ആർടിഎ യോഗത്തിന് മുൻപ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.






