മലപ്പുറം: വെങ്ങാട് മൂർക്കനാട് റോഡിലെ ഷാപ്പിൽ പട്ടാപ്പകൽ മോഷണം. ഷാപ്പുടമയുടെ സ്വർണമാലയും മൊബൈൽ ഫോണും കവർന്ന് പ്രതികൾ കടന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം നടന്നത്. രണ്ട് പേർ ഷാപ്പിലെത്തി കള്ള് കുടിച്ച ശേഷം പണം നൽകാനെന്ന ഭാവത്തിൽ എഴുന്നേൽക്കുകയായിരുന്നു. ഇതിനിടെ ഒരാൾ ഷാപ്പിലെ കറിവെപ്പുകാരനെ അടുക്കളയിൽ പൂട്ടിയിട്ടു.
മറ്റേയാൾ ഷാപ്പുടമയായ ദാമോദരന്റെ കഴുത്തിലുണ്ടായിരുന്ന ഏകദേശം എട്ട് പവൻ സ്വർണമാല പൊട്ടിച്ചെടുത്തു. ഇത് തടയാൻ ശ്രമിച്ച ദാമോദരനെ പ്രതികൾ തള്ളിയിട്ടു. തുടർന്ന് മേശപ്പുറത്തുണ്ടായിരുന്ന ഏകദേശം 10,000 രൂപ വിലവരുന്ന മൊബൈൽ ഫോണും കവർന്ന് ഇരുവരും രക്ഷപ്പെട്ടു.
സംഭവത്തിൽ ഏകദേശം 8.10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറ്റേയാൾ അജ്ഞാതനാണെന്നും കൊളത്തൂർ പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.






