കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര വെള്ളിയൂരിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 22 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45ഓടെയായിരുന്നു അപകടം. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതോടെ പ്രദേശത്ത് പരിഭ്രാന്തി പടർന്നിരുന്നു.
കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന അജ്ഫാൻ ബസും കോഴിക്കോട്ടേക്ക് വരികയായിരുന്ന ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു.
അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയതായി നാട്ടുകാർ ആരോപിച്ചു. മുഖത്ത് പരിക്കേറ്റ ഇയാൾ പിന്നീട് ആശുപത്രിയിൽ ചികിത്സ തേടിയതായും സൂചനയുണ്ട്.
ബസ് ഡ്രൈവറുടെ സീറ്റിന് പിന്നിലുണ്ടായിരുന്ന സ്ത്രീയെയും ടാങ്കർ ലോറി ഡ്രൈവറെയും പേരാമ്പ്ര ഫയർഫോഴ്‌സ് സംഘം വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മാനസ(62), നജ(21), അതുല്യ(25), പ്രകാശൻ(55), അജിത്(22), നിഖിൽ(18), പത്മിനി(65), ആതിര(28), സുനിൽ(46), ഗീത(49), സുജിത(43), സജിദ(44), ചന്ദ്രൻ(64) എന്നിവരുള്‍പ്പെടെ നിരവധി പേർക്കാണ് പരിക്കേറ്റത്.






