കോട്ടയം: മുഖ്യമന്ത്രിയെ കുറിച്ചുള്ള ചർച്ചകൾക്കിടെ കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള ചേരിതിരിഞ്ഞ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു. ദില്ലിയിൽ നിന്ന് വളരെ വേഗത്തിൽ തന്നെ മുഖ്യമന്ത്രിയെ കുറിച്ചുള്ള തീരുമാനം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രഖ്യാപനത്തിനായി എല്ലാവരും കാത്തിരിക്കുകയാണെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.
“മിനിറ്റുകൾക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും” എന്ന് മുൻപ് പറഞ്ഞത് തന്റെ ആഗ്രഹം കൊണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കാര്യങ്ങൾ അതിവേഗം മുന്നോട്ട് പോകുമെന്ന പ്രതീക്ഷയിലായിരുന്നു അത്തരമൊരു പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ വിവിധ സാഹചര്യങ്ങൾ ഉണ്ടാകുമെന്നും അവയെല്ലാം നേരിടാനുള്ള അനുഭവസമ്പത്ത് കോൺഗ്രസിനുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു. ഇതിനേക്കാൾ വലിയ പ്രതിസന്ധികൾ മുൻപും കോൺഗ്രസ് പാർട്ടിയിൽ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസിലെ എല്ലാ നേതാക്കളും എല്ലാവരുടെയും നേതാക്കളാണെന്നും ദേശീയ നേതൃത്വത്തിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ചർച്ചകൾ നടക്കുന്നതിനിടെ സിപിഎം രാഷ്ട്രീയലാഭം നേടാൻ ശ്രമിക്കുകയാണെന്നും വിഷ്ണുനാഥ് ആരോപിച്ചു. തൃശ്ശൂരിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ സിപിഎം പ്രവർത്തകരാണ് വെച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കമാൻഡ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കരുതെന്ന് പറഞ്ഞിട്ടും കോൺഗ്രസ് പ്രവർത്തകർ അതിനെ അവഗണിക്കുന്നുവെന്ന രീതിയിൽ പ്രചാരണം നടത്താനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് ഒരു കോൺഗ്രസ് പ്രവർത്തകൻ കത്തിക്കുമോയെന്നും വിഷ്ണുനാഥ് ചോദിച്ചു.






