കൊല്ലം: പത്തനാപുരത്തെ തന്റെ പരാജയത്തിന് കാരണം യുഡിഎഫും ബിജെപിയും തമ്മിലുള്ള വോട്ട് കച്ചവടമാണെന്ന മുൻമന്ത്രിയും കേരള കോൺഗ്രസ് (ബി) നേതാവുമായ കെ ബി ഗണേഷ് കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി നിയുക്ത എംഎൽഎ ജ്യോതികുമാർ ചാമക്കാല. ‘കണക്കുകൾ പറയുമ്പോൾ വസ്തുതാപരമായി പറയണം. ബിജെപിയുടെ മാത്രമല്ല, എൽഡിഎഫിന്റെ വോട്ടും എനിക്ക് ലഭിച്ചു. ബിജെപിയുടെ വോട്ട് കുറഞ്ഞെന്ന് പറയുന്ന ഗണേഷ് എൽഡിഎഫിന്റെ വോട്ട് കുറഞ്ഞത് കാണുന്നില്ല. പത്തുവർഷം കൊണ്ട് എട്ട് ശതമാനം വോട്ടാണ് എൽഡിഎഫിന് കുറഞ്ഞത്. 18,000 വോട്ടിന്റെ വർദ്ധന യുഡിഎഫിനുണ്ടായി. ഗണേഷ് കുമാറിനെ സംവാദത്തിന് ക്ഷണിക്കുകയാണ്. കണക്കുകൾ പറഞ്ഞ് സംസാരിക്കാം’- ചാമക്കാല പറഞ്ഞു.
2001 മുതൽ പത്തനാപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗണേഷ് കുമാർ ഇത്തവണ ചാമക്കാലയോട് പരാജയപ്പെടുകയായിരുന്നു. തോറ്റതോടെ ഗണേഷിന്റെ സമനില തെറ്റിയെന്നാണ് ചാമക്കാല പരിഹസിച്ചത്. പത്തനാപുരത്ത് മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ എൽഡിഎഫിനെ തോൽപ്പിക്കാൻ വോട്ട് കച്ചവടം നടന്നു ഗണേഷ് കുമാർ’- എന്നിങ്ങനെയായിരുന്നു ഗണേഷ് കുമാറിന്റെ ആരോപണം.






