മൂന്നാർ: സഞ്ചാരികളുടെ വൻതിരക്ക് മൂലം മൂന്നാറിൽ മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്ക്. മൂന്നാർ ഡിവിഷനു കീഴിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ശക്തമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടും സ്ഥിതി നിയന്ത്രണാതീതമായി തുടരുകയാണ്.
കഴിഞ്ഞ രണ്ട് ദിവസമായി മുൻപെങ്ങുമില്ലാത്ത രീതിയിലുള്ള തിരക്കാണ് മൂന്നാറിൽ അനുഭവപ്പെടുന്നത്. ട്രാഫിക് നിയന്ത്രണത്തിനായി മൂന്നാർ ടൗണും പ്രധാന കേന്ദ്രങ്ങളും ഉൾപ്പെടുത്തി 42 പൊലീസുകാരെയാണ് പ്രത്യേകമായി നിയോഗിച്ചിരിക്കുന്നത്.
എന്നാൽ, തിരക്ക് നിയന്ത്രിക്കാൻ ഇതും മതിയാകുന്നില്ലെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച പഴയ മൂന്നാർ ഹെഡ് വർക്സ് ഡാമിൽ നിന്ന് ടൗൺ വരെയുള്ള രണ്ട് കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ പോലും ഒന്നര മണിക്കൂർ വരെ വേണ്ടിവന്നു.
അനധികൃത പാർക്കിങ്ങും വഴിയോര കച്ചവടങ്ങളും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്ന പ്രധാന കാരണങ്ങളാണെന്ന് പൊലീസ് വ്യക്തമാക്കി.






