തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ദേശീയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ കേരളത്തിന് അഭിമാന മുന്നേറ്റം. പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരവും പ്രകടനവും വിലയിരുത്തുന്ന സൂചികയിൽ കേരളം ‘പ്രചേസ്ത-2’ പദവിയിലേക്ക് ഉയർന്നതായി മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
2023-24 അധ്യയന വർഷത്തെ അപേക്ഷിച്ച് കേരളത്തിന്റെ സ്കോറിലും ഗ്രേഡിലും വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം കേരളത്തിന്റെ മൊത്തം സ്കോർ 594.2 ആയിരുന്നെങ്കിൽ ഇത്തവണ അത് 687.7 ആയി ഉയർന്നു. ചുരുങ്ങിയ കാലയളവിൽ 93.5 പോയിന്റിന്റെ റെക്കോർഡ് വർധനവാണ് സംസ്ഥാനം കൈവരിച്ചത്.
ഇതോടെ ‘പ്രചേസ്ത-3’ ഗ്രേഡിൽ നിന്ന് കേരളം ‘പ്രചേസ്ത-2’ പദവിയിലേക്ക് ഉയരുകയായിരുന്നു. പഠന നിലവാരം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ സർക്കാർ നടത്തുന്ന കൃത്യമായ ഇടപെടലുകളും നിക്ഷേപവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.






