എറണാകുളം: കൊച്ചി നഗരത്തിലും വിവിധ പരിസരപ്രദേശങ്ങളിലും ഇന്ന് ശുദ്ധജലവിതരണം പൂർണ്ണമായും തടസ്സപ്പെടും. കാലവർഷത്തിന് മുന്നോടിയായി ആലുവയിലെ ശുദ്ധീകരണ പ്ലാന്‍റിന്‍റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിലാണ് ജലവിതരണം തടസപ്പെടുക എന്ന് വാട്ടർ അതോറിറ്റി അറിയിച്ചിട്ടുണ്ട്. കൊച്ചി കോർപ്പറേഷനിലും ആലുവ, ഏലൂർ, കളമശ്ശേരി നഗരസഭകളിലും ജില്ലയിലെ ആറ് പഞ്ചായത്തുകളിലും ഇന്ന് വെള്ളമെത്തില്ല.
ഇന്ന് രാവിലെ 8 മണി മുതൽ പ്ലാന്റിലെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. വൈകിട്ട് ആറ് മണിയോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കഴിയും. എടത്തല, കീഴ്മാട്, ചൂർണിക്കര, ചേരാനല്ലൂർ, മുളകുകാട്, എളങ്കുന്ന്പുഴ, ഞാറക്കൽ എന്നീ പഞ്ചായത്തുകളിലും ഇന്ന് ജലവിതരണം തടസപ്പെടും. ജലവിതരണം പൂർണ തോതിൽ പൂർത്തിയാക്കാൻ വ്യാഴാഴ്ച ഉച്ചവരെ കാത്തിരിക്കേണ്ടി വരും.






