പത്തനംതിട്ട: പത്തനംതിട്ടയിൽ അയൽവാസിയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ 65കാരിയായ വീട്ടമ്മ 25വർഷത്തിന് ശേഷം പൊലീസിന് കീഴടങ്ങി. വെച്ചൂച്ചിറ കൊല്ലമുള സ്വദേശിയായ പാലനിൽക്കുന്ന ഉഴത്തിൽ വീട്ടിൽ പൊന്നമ്മയാണ് പോലീസിൽ കീഴടങ്ങിയത്. പൊന്നമ്മയുടെ അയൽവാസി വെള്ളാപ്പള്ളിൽ വീട്ടിൽ ശശിധരനാണ് ആസിഡ് ആക്രമണത്തിൽ ഭാഗികമായി കാഴ്ചശക്തി നഷ്ടപ്പെട്ടത്.
2000 ജൂലായ് 30നാണ് കേസിനാസ്പദമായ സംഭവം. 2023ൽ പ്രതിക്ക് മൂന്ന് വർഷം തടവിനും അമ്പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹൈക്കോടതി അപ്പീലിൽ ശിക്ഷയിൽ ഇളവ് നേടിയ പൊന്നമ്മ ഒളിവിൽ പോയി. പോലീസ് പ്രതിക്കായുള്ള അന്വേഷണം തുടരുകയും പൊന്നമ്മയുടെ ഭർത്താവ് പൊന്നപ്പനെ കാപ്പാ നിയമപ്രകാരം ജില്ലയ്ക്ക് പുറത്താക്കി. നിലവിൽ കോടതിയിൽ ഹാജരാക്കിയ ഇവരെ അട്ടക്കുളങ്ങര വനിത ജയിലിലേക്ക് മാറ്റി.






