ലുധിയാന: പഞ്ചാബിലെ വോട്ടർ പട്ടികയിൽ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിനോട് സാദൃശ്യമുള്ള ചിത്രം ഉൾപ്പെട്ടത് വിവാദത്തിൽ. ലുധിയാന ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിലാണ് പിഴവ് കണ്ടെത്തിയത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി തിരഞ്ഞെടുപ്പ് അധികൃതർ രംഗത്തെത്തി. കരട് വോട്ടർ പട്ടികയിൽ ഉൾപ്പെട്ട പിഴവ് പ്രത്യേക തീവ്ര പരിഷ്‌കരണ നടപടിയായ എസ്‌ഐആറിലൂടെ തിരുത്തിയെന്നും അന്തിമ പട്ടികയിൽ തെറ്റായ ചിത്രം ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.
ലുധിയാന ഈസ്റ്റ് മണ്ഡലത്തിലെ 38-ാം ഭാഗത്ത് സീരിയൽ നമ്പർ 422-ൽ ഉൾപ്പെട്ട അമൻ കുമാർ എന്ന വോട്ടറുടെ പേരിനൊപ്പമാണ് ഭഗത് സിംഗിനോട് സാദൃശ്യമുള്ള ചിത്രം പ്രത്യക്ഷപ്പെട്ടത്. ചിത്രം പുറത്തുവന്നതോടെ പഞ്ചാബിലെ വോട്ടർ പട്ടികയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് രംഗത്തെത്തി.
കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗ് രാജാ വാറിംഗ് വോട്ടർ പട്ടികയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് രൂക്ഷ വിമർശനം ഉന്നയിച്ചു. ‘കാണാൻ ഇനി ഇതുമാത്രമേ ബാക്കിയുള്ളൂ’ എന്ന പരിഹാസത്തോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. പഞ്ചാബിലെ വോട്ടർ പട്ടികയിൽ ഗുരുതരമായ പിഴവുകളുണ്ടെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.
വിവാദം ശക്തമായതോടെ ലുധിയാന ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണവുമായി രംഗത്തെത്തി. കഴിഞ്ഞ ഓഗസ്റ്റ് 13-ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിലാണ് തെറ്റായ ചിത്രം ഉൾപ്പെട്ടിരുന്നതെന്നും എസ്‌ഐആർ നടപടികളിലൂടെ പിഴവ് തിരുത്തിയെന്നുമാണ് അധികൃതരുടെ വിശദീകരണം. കൃത്യമായ ചിത്രങ്ങൾ ഉൾപ്പെടുത്തിയ അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചതെന്നും അവർ അറിയിച്ചു.
പഞ്ചാബ് ചീഫ് ഇലക്ടറൽ ഓഫീസർ ആനന്ദിത മിത്രയും ആരോപണം നിഷേധിച്ചു. ഭഗത് സിംഗിന്റെ ചിത്രം അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും കരട് പട്ടികയിലെ പിഴവ് എസ്‌ഐആർ നടപടികളിലൂടെ പരിഹരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
പഞ്ചാബിലെ 117 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ചീഫ് ഇലക്ടറൽ ഓഫീസറുടെ പ്രതികരണം. എസ്‌ഐആറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് വോട്ടർ പട്ടികയിലെ പിഴവ് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്.




