കല്‍പ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ നഗ്നതാ പ്രദർശനം നടത്തുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്ത കേസിൽ യുവാവിന് തടവും പിഴയും ശിക്ഷ. വയനാട് അഞ്ചുകുന്ന്, പാലുകുന്ന്, പുത്തൂർകുന്ന് ഉന്നതിയിലെ എം. മുകേഷ് (33)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി അഞ്ച് വർഷവും രണ്ട് മാസവും തടവിനും 76,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. ജഡ്ജി കെ.ആർ. സുനിൽകുമാറാണ് വിധി പ്രസ്താവിച്ചത്.
2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്കെതിരെ നഗ്നതാ പ്രദർശനം നടത്തുകയും അസഭ്യം പറയുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്തെന്നാണ് കേസ്. സംഭവത്തിൽ പനമരം പൊലീസ് 2023ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി.
അന്നത്തെ പനമരം സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഇ.കെ. അബൂബക്കറാണ് കേസിൽ പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ വി. സിജിത്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.




