എറണാകുളം: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം കേരളത്തിലെ ജനങ്ങൾ മുഖ്യമന്ത്രിക്കായി കാത്തിരിക്കുകയാണ്. വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ഇത്ര ദിവസങ്ങൾ കഴിഞ്ഞിട്ടും ഒറ്റ പേരിലെത്താൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കുമ്പോൾ, വി ഡി സതീശൻ ആലുവ ദേശത്തെ വീട്ടിൽ തുടരുകയാണ്. അതിനിടെ കളമശേരി നിയുക്ത എംഎൽഎ അബ്ദുൽ ഗഫൂറും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും സതീശന്റെ വീട്ടിലെത്തി. അബ്ദുൽ ഗഫൂർ കൂടിക്കാഴ്ചക്ക് ശേഷം മടങ്ങിയെങ്കിലും ഷിയാസ് ഇപ്പോഴും സതീശനൊപ്പം തുടരുകയാണ്. സാധാരണ കൂടിക്കാഴ്‌ചയെന്നും മറ്റൊരു അർത്ഥവും നൽകേണ്ടെന്നും മടങ്ങുമ്പോൾ അബ്ദുൽ ഗഫൂർ പറഞ്ഞു. രാവിലെ പത്തു മണിയോടെ മണ്ഡലമായ പറവൂരിലേക്ക് പോകുമെന്ന് അറിയിച്ചിരുന്നു. എങ്കിലും യാത്ര ഒഴിവാക്കി ആലുവയിൽ തുടരുകയാണ്.
കേരളത്തിനൊപ്പം ഫലം വന്ന എല്ലാ സംസ്ഥാനങ്ങളിലും പുതിയ സർക്കാരുകൾ ഭരണം തുടങ്ങി. ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനം പ്രതീക്ഷിക്കുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നുണ്ടെങ്കിലും എപ്പോൾ എന്നതിൽ കൃത്യമായ വിവരം ആർക്കുമില്ല.






