ആലപ്പുഴ: മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി കെ സി വേണുഗോപാല്‍ ക്യാമ്പ്. പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്നാണ് നിര്‍ദേശം. ആലപ്പുഴയിലെ കെ സി വേണുഗോപാലിന്റെ വീടിന് മുന്നില്‍ കൂട്ടംകൂടരുതെന്നും സ്വന്തം വീട്ടിലോ ഡിസിസി ഓഫീസിലോ പ്രവര്‍ത്തകര്‍ക്ക് ഒരുമിച്ചു കൂടാം എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ സസ്പെന്സുകള് ഇപ്പോഴും തീരുന്നില്ല. കെ സി വേണുഗോപാലിനെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വസതിയിലേക്ക് വിളിപ്പിച്ചു. നിയമസഭാ കക്ഷി യോഗത്തിന്റെ സമയം മാറ്റിയേക്കുമെന്നുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ഇതുവരെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്കും വി ഡി സതീശനും അറിയിപ്പുകള് വന്നിട്ടില്ല. പ്രഖ്യാപനം കേരളത്തിലാണോ ഡല്‍ഹിയില്‍ വെച്ചാണോ എന്നൊന്നും അറിയിപ്പുകളില്ല.






