കോട്ടയം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തെരഞ്ഞെടുത്തതിനെതിരെ പ്രതികരിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുസ്ലിം ലീഗ് ഭരണത്തിൽ കൂടുതൽ സ്വാധീനം നേടുന്നതിന്റെ സൂചനയാണ് ഈ തീരുമാനമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മാനദണ്ഡങ്ങൾ പരിഗണിക്കുമ്പോൾ കൂടുതൽ മുൻഗണന ലഭിക്കേണ്ടത് മുൻപന്തിയിൽ നിൽക്കുന്ന നേതാവിനായിരുന്നുവെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു. രമേശ് ചെന്നിത്തലയെക്കുറിച്ചുള്ള ചോദ്യത്തിന്, അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് അദ്ദേഹം മറുപടി നൽകി.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 11 ദിവസത്തിന് ശേഷമാണ് കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ സതീശന്റെ പേരിലേക്കാണ് തീരുമാനമെത്തിയത്.
കൂടുതൽ എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിനായിരുന്നെങ്കിലും ഘടകകക്ഷികളുടെയും അണികളുടെയും പിന്തുണ സതീശന് അനുകൂലമായി. ഇതോടെയാണ് ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുത്തത്. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.






