കോഴിക്കോട്: വി.ഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുസ്‌ലിം ലീഗിനെ ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന വർഗീയ പ്രചാരണങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. പാണക്കാട് തങ്ങളാണ് യഥാർത്ഥ ഹൈക്കമാൻഡ് എന്നും എഐസിസി നേതൃത്വം തങ്ങളുടെ നിർദ്ദേശപ്രകാരമാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നുമുള്ള രീതിയിലുള്ള പോസ്റ്റുകളാണ് സംഘപരിവാർ പ്രൊഫൈലുകളിൽ നിന്ന് പ്രചരിക്കുന്നത്. അടുത്ത അഞ്ച് വർഷം കേരളത്തിൽ നടപ്പാകാൻ പോകുന്നത് ലീഗിന്റെ തീരുമാനങ്ങളാണെന്ന തരത്തിലുള്ള കുറിപ്പുകളും ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കമന്റ് ബോക്സുകളിൽ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്.
പത്ത് ദിവസത്തോളം നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷി വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. പുതിയ കേരളത്തെ സൃഷ്ടിക്കാൻ പുതുയുഗത്തിന് തുടക്കം കുറിക്കുമെന്നും ഇതിനായി കഠിനാധ്വാനം ചെയ്യുമെന്നും പ്രഖ്യാപനത്തിന് പിന്നാലെ സതീശൻ പ്രതികരിച്ചു. ഈ അംഗീകാരം വ്യക്തിപരമല്ലെന്നും തന്നെ സഹായിച്ചത് എഐസിസി നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനം കേരളത്തിൽ നടപ്പാക്കാൻ കെ.സി വേണുഗോപാൽ വലിയ സഹായം നൽകിയെന്നും യുഡിഎഫ് വിജയത്തിൽ കാമ്പയിൻ കമ്മിറ്റി ചെയർമാനായിരുന്ന രമേശ് ചെന്നിത്തലയ്ക്കും വലിയ പങ്കുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.






