തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായതോടെ ഇനി ആകാംക്ഷ മന്ത്രിമാര്‍ ആരെന്നതിലാണ്. തിങ്കളാഴ്ചത്തെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് മന്ത്രിമാരെ തീരുമാനിക്കുന്നതാണ് കോണ്‍ഗ്രസിന് മുന്നിലുള്ള അടുത്ത കടമ്പ. വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നതോടെ, മന്ത്രിസഭയില്‍ കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല വിഭാഗങ്ങള്‍ കൂടുതല്‍ അവകാശവാദങ്ങളുമായി വന്നേക്കാം. മുസ്ലിം ലീഗിന്റെ മന്ത്രിമാരെ ഉടന്‍ പ്രഖ്യാപിച്ചേക്കും.
63 സീറ്റുകള്‍ ഉള്ളതിനാല്‍ ആഭ്യന്തരം, ധനകാര്യം തുടങ്ങിയ പ്രധാന വകുപ്പുകളെല്ലാം കോണ്‍ഗ്രസിനാകും. ഉപമുഖ്യമന്ത്രി സ്ഥാനം അവകാശപ്പെടുന്ന ലീഗില്‍ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിക്കു പുറമേ പി.കെ. ബഷീര്‍, എന്‍. ഷംസുദ്ദീന്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, മഞ്ഞളാംകുഴി അലി, കെ.എം. ഷാജി എന്നിവരുടെ പേരുകള്‍ ഉയരുന്നുണ്ട്. രണ്ട് മന്ത്രിസ്ഥാനം വേണമെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം. ആര്‍എംപി, മാണി സി. കാപ്പന്റെ കേരള ഡെമക്രാറ്റിക് പാര്‍ട്ടി എന്നിവയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കില്ല.




