തിരുവനന്തപുരം: വൈദ്യുതി മോഷണം ക്രിമിനൽ കുറ്റമാണെന്നും പിടിക്കപ്പെടുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബിയുടെ മുന്നറിയിപ്പ്. ഇലക്ട്രിസിറ്റി ആക്ട് 2003 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതും പിഴ ഈടാക്കുന്നതും ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നും കെഎസ്ഇബി അറിയിച്ചു. കുറ്റക്കാരെന്ന് തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാനിടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, വൈദ്യുതി മോഷണം നടത്തിയവർ തെറ്റ് സമ്മതിച്ച് സ്വമേധയാ കെഎസ്ഇബിയെ സമീപിച്ച് പിഴ അടച്ചാൽ ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാക്കും. ഇത്തരത്തിൽ തെറ്റ് തിരുത്താൻ ഒരാൾക്ക് ഒരവസരം മാത്രമേ അനുവദിക്കൂവെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.
വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കെഎസ്ഇബിയുടെ സെക്ഷൻ ഓഫീസുകളിലോ ആന്റി പവർ തെഫ്റ്റ് സ്ക്വാഡിന്റെ തിരുവനന്തപുരം വൈദ്യുതി ഭവനിലുള്ള സംസ്ഥാന ഓഫീസിലോ ജില്ലാ ഓഫീസുകളിലോ ഓഫീസ് സമയത്ത് അറിയിക്കാം. 9496010101 എന്ന എമർജൻസി നമ്പറിലേക്ക് വിളിച്ചോ വാട്സ്ആപ്പ് സന്ദേശമയച്ചോ പരാതികൾ നൽകാനും സൗകര്യമുണ്ട്. പരാതി നൽകുമ്പോൾ കൃത്യമായ സ്ഥലവിവരവും ബന്ധപ്പെട്ട സെക്ഷൻ ഓഫീസിന്റെ പേരും ഉൾപ്പെടുത്തണമെന്ന് കെഎസ്ഇബി നിർദേശിച്ചു.
വൈദ്യുതി മോഷണ വിവരം കൈമാറുന്നവർക്ക് പാരിതോഷികവും നൽകും. പിഴ തുക പൂർണമായി ഈടാക്കിയ ശേഷവും അപ്പീലുകൾ തീർപ്പാക്കിയ ശേഷവും, കോമ്പൗണ്ടിംഗ് ചാർജ് ഒഴികെയുള്ള അധിക തുകയുടെ അഞ്ച് ശതമാനം വരെ, പരമാവധി 50,000 രൂപ, പാരിതോഷികമായി ലഭിക്കും. വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.
ആന്റി പവർ തെഫ്റ്റ് സ്ക്വാഡിന്റെ സംസ്ഥാന-ജില്ലാ ഓഫിസുകളുടെ ഫോൺ നമ്പറുകളും കെഎസ്ഇബി ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്.





