തൃശൂർ: പുതുക്കാട് മണലി മടവാക്കര റോഡിൽ പട്ടാപ്പകൽ പെൺകുട്ടിക്കുനേരെ യുവാവിന്റെ അതിക്രമശ്രമം. സംഭവത്തിന് പിന്നാലെ മണലി പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നാല് മണിയോടെയായിരുന്നു സംഭവം.
ദേശീയപാതയിലെ മണലി പാലത്തിന് സമീപം മടവാക്കര ഭാഗത്തേക്ക് നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ അപരിചിതനായ യുവാവ് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. വായ പൊത്തിപ്പിടിച്ച് സമീപത്തെ പൊന്തക്കാട്ടിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി പ്രതിയുടെ കയ്യിൽ കടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ ഉറക്കെ നിലവിളിച്ചുകൊണ്ട് തൊട്ടടുത്ത ചായക്കടയിലേക്ക് ഓടിക്കയറി.
ചായക്കടയിലെ സ്ത്രീ തൊഴിലാളികൾ വിവരം അറിയിച്ചതോടെ നാട്ടുകാർ സ്ഥലത്തെത്തി. ഇതിനിടെ രക്ഷപ്പെടാനായി പ്രതി മണലി പുഴയിലേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ പാലിയേക്കര സ്വദേശിയായ കുമാർ പുഴയിലേക്ക് ഇറങ്ങി പ്രതിയെ പിടികൂടി. പിന്നീട് ഇതുവഴി എത്തിയ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർക്ക് പ്രതിയെ കൈമാറി. തുടർന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
പ്രതി കർണാടക സ്വദേശിയാണെന്നും ഇയാളുടെ പെരുമാറ്റത്തിൽ മാനസിക അസ്വസ്ഥതയുടെ ലക്ഷണങ്ങൾ കാണുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.






