കഴിഞ്ഞ ഒരു പതിറ്റാണ്ട് നമ്മൾ പറഞ്ഞു ശീലിച്ച ഒരു വാക്കുണ്ട്- മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാം മാറിമറിഞ്ഞെങ്കിലും ആ പ്രയോഗം മലയാളിയുടെ നാവിൽ നിന്ന് മായാൻ സമയം കുറച്ചെടുത്തേക്കും. കാരണം ഒന്നും രണ്ടും അഞ്ചുമല്ല, പത്ത് വർഷം കേരളത്തിന്റെ ഭരണചക്രം നിയന്ത്രിച്ച പിണറായി വിജയൻ മടങ്ങിയെത്തുക പുതിയ ദൗത്യവുമായി. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനിലേക്ക്. കേരളം ഇതുവരെ കാണാത്ത ഒരു മുഖമാണ് പ്രതിപക്ഷ നേതാവെന്ന നിലയിൽ പിണറായി വിജയന്റേത്. പക്ഷേ 17 വർഷം സിപിഎം പാർട്ടി സംസ്ഥാന സെക്രട്ടറിയെന്ന തത്വത്തിൽ പ്രതിപക്ഷ നേതാവിന് തുല്യമായ സ്ഥാനത്തിരുന്ന് ഒന്നര പതിറ്റാണ്ട് പാർട്ടിയുടെ സമരമുഖങ്ങളിലെ നിറസാന്നിധ്യമായും ഉറച്ച തൊഴിലാളി വർഗ ശബ്ദമായും നിലകൊണ്ട ഒരാൾക്ക് കേരളത്തിന്റെ പ്രതിപക്ഷ നേതാവായി പരകായപ്രവേശനം ചെയ്യാൻ സമയമധികം വേണ്ടിവരില്ലെന്നുറപ്പ്.
പ്രതിപക്ഷത്തെ സഭയിലും പുറത്തും നയിക്കാനുള്ള നിയോഗം ആദ്യമായി പിണറായിക്ക് കിട്ടുമ്പോൾ അദ്ദേഹത്തിന്റെ പുതിയ ചുവടുവെപ്പുകളാണ് കേരളവും ജന്മനാടും ഉറ്റുനോക്കുന്നത്. കണ്ണൂരിൽ നിന്നു തന്നെയുള്ള സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനൊപ്പം ചേർന്ന് ഭരണപക്ഷത്തിനെതിരായ സമരത്തിന്റെ പോർമുഖത്തായിരിക്കും ഇനി പിണറായിയുടെ സ്ഥാനം. ഒപ്പം സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങളിലെ ഇടപെടലിനും നേതൃത്വം വഹിക്കേണ്ടി വരും.
പിണറായിയെ കാത്തിരിക്കുന്നത് ചെറിയ ദൗത്യങ്ങളല്ല. പത്ത് വർഷം ഭരണസ്ഥനത്ത് ഇരുന്ന്, പൊടുന്നനെ തകർന്ന് വീണുകിടക്കുന്ന ഒരു പാർട്ടിയെ കൈപിടിച്ച് എഴുന്നേൽപ്പിച്ച് വീണ്ടും മുഖ്യധാരയിലെത്തിക്കുക എന്ന വലിയ ദൗത്യമാണ് മുന്നിലുള്ളത്. പാർട്ടിക്കൊപ്പം ജനമനസുകളിൽ നിന്നകന്ന് നിൽക്കുന്ന തന്റെ സ്വന്തം പ്രതിച്ഛായ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യവും അദ്ദേഹത്തിന്റെ മനസിലുണ്ടാകും. ഭരണത്തിലിരുന്ന പത്ത് വർഷക്കാലം വീര്യം ചോർന്ന് കിടന്ന പോഷകസംഘടനകളെ പുനരുജ്ജീവിപ്പിക്കണം. എസ്എഫ്ഐ, ഡിവൈഎഫ്ഐ തുടങ്ങിയവയ്ക്കെല്ലാം ആ പഴയ സമരാഗ്നി വീണ്ടും പകർന്ന് നൽകണം. വിഡി സതീശനിലും രമേശ് ചെന്നിത്തലയിലും അധികം കാണാതിരുന്ന ബഹുജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷ നേതാവിനെ വീണ്ടും കേരളത്തിന് ആവശ്യമാണ്.





