മലപ്പുറം: കുംഭമേളയ്ക്ക് പ്രയാഗ്‌രാജില്‍ ബുക്ക് ചെയ്ത ഹോട്ടല്‍ മുറി നിഷേധിച്ച സംഭവത്തില്‍ ഐആര്‍സിടിസിക്കും മേക്ക് മൈ ട്രിപ്പിനുമെതിരെ ഉപഭോക്തൃ കമ്മീഷന്‍ നടപടി. സേവനത്തിലെ വീഴ്ചയ്ക്ക് പരാതിക്കാര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. കൂടാതെ ഹോട്ടലില്‍ നിന്നും പരാതിക്കാരില്‍ നിന്ന് അധികമായി ഈടാക്കിയ 7,827 രൂപ തിരികെ നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്.
മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കെ.ബി. പരമേശ്വരന്‍ , സഹോദരന്‍ ബാലാജി ശങ്കര്‍, സുഹൃത്ത് മണികണ്ഠന്‍ എന്നിവരുടെ പരാതിയിലാണ് നടപടി. ‘അതിഥി സ്റ്റേ ലോഡ്ജ്’ എന്ന ഹോട്ടലില്‍ മൂന്ന് ദിവസത്തേക്ക് താമസിക്കാനാണ് ഇവർ മുന്‍കൂട്ടി മുറി ബുക്ക് ചെയ്തത്. 2024 ഒക്ടോബറില്‍ തന്നെ തുകയായ 4,173 രൂപ അടച്ച് ബുക്കിംഗ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, 2025 ഫെബ്രുവരി മൂന്നിന് ദീര്‍ഘദൂര യാത്രയ്‌ക്കൊടുവില്‍ അസമയത്ത് ഹോട്ടലില്‍ എത്തിയ പരാതിക്കാര്‍ക്ക് മുറി നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല.
ഒടുവില്‍ പ്രതിദിനം 4,000 രൂപ നിരക്കില്‍ അധികത്തുക നല്‍കി ഇതേ ഹോട്ടലില്‍ തന്നെ താമസിക്കേണ്ടി വന്നു. തുടര്‍ന്ന് അധികമായി നല്‍കേണ്ടി വന്ന തുകയും നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടും ട്രാവല്‍ ഏജന്‍സികള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഇവര്‍ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.






