തിരുവനന്തപുരം: ഗുണഭോക്താക്കള്‍ക്കായി അനുവദിച്ച ലക്ഷങ്ങള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ വില്ലേജ് എക്‌സ്‌റ്റെന്‍ഷന്‍ ഓഫിസര്‍ക്ക് കനത്ത ശിക്ഷ. തിരുവനന്തപുരം വിതുര ഗ്രാമപഞ്ചായത്തിലെ മുന്‍ വിഇഒയും നെട്ടയം സ്വദേശിയുമായ എസ്.ജി. ദിനുവിന് (41) തിരുവനന്തപുരം വിജിലന്‍സ് കോടതി 45 വര്‍ഷം കഠിന തടവും 6.35 ലക്ഷം രൂപ പിഴയും വിധിച്ചു. വിജിലന്‍സ് കോടതി ജഡ്ജി എ. മനോജാണ് ശിക്ഷ വിധിച്ചത്.
2012 മുതല്‍ 2015 വരെ വിതുര പഞ്ചായത്തില്‍ വില്ലേജ് എക്‌സ്‌റ്റെന്‍ഷന്‍ ഓഫിസറായിരിക്കെ വിവിധ വികസന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച തുകയില്‍നിന്ന് 13.80 ലക്ഷം രൂപ ദിനു തട്ടിയെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തി. ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട തുക സ്വന്തം ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചെന്നാണ് കേസ്.
ഓഡിറ്റ് വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാന്‍ അക്കൗണ്ട് ബുക്കുകളില്‍ തിരുത്തലുകള്‍ വരുത്തുകയും വ്യാജരേഖകള്‍ തയ്യാറാക്കുകയും ചെയ്തതായും കണ്ടെത്തി. വിജിലന്‍സ് തിരുവനന്തപുരം സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്-1 രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇപ്പോള്‍ വിധി വന്നത്.
അമ്പൂരി ഗ്രാമപഞ്ചായത്തില്‍ വിഇഒയായിരിക്കെ നടത്തിയ മറ്റൊരു സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് 2023ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലും പ്രതിക്കെതിരെ അന്വേഷണം തുടരുകയാണ്. നിലവില്‍ ദിനു സസ്‌പെന്‍ഷനിലാണ്.
വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്-1 മുന്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബി. ഉദയകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ ബി. അനില്‍കുമാര്‍, എസ്. അനില്‍കുമാര്‍, എച്ച്. അനില്‍കുമാര്‍, വി.എസ്. റിജു എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തിയത്. പൊലീസ് സൂപ്രണ്ട് കെ.ഇ. ബൈജു കുറ്റപത്രം സമര്‍പ്പിച്ചു. വിജിലന്‍സിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വീണ സതീശന്‍ കോടതിയില്‍ ഹാജരായി.






