കൊല്‍ക്കത്ത: ഐപിഎല്ലില്‍ പ്ലേ ഓഫിലെത്താനുള്ള പ്രതീക്ഷ അവസാനിപ്പിക്കാതെ ജയിച്ചു കയറി കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്. റണ്‍മഴ പെയ്ത പോരാട്ടത്തില്‍ 29 റണ്‍സിന് ഗുജറാത്ത് ടൈറ്റന്‍സിനെയാണ് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് അടിച്ചുകൂട്ടി. മറുപടി പറയാനിറങ്ങിയ ഗുജറാത്തിന്റെ പോരാട്ടം 4 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സില്‍ അവസാനിച്ചു.
ജയത്തോടെ കൊല്‍ക്കത്ത നേരിയ പ്ലേ ഓഫ് പ്രതീക്ഷ കാത്തു. 12 കളിയില്‍ നിന്നു അവര്‍ക്ക് 11 പോയിന്റുകളാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ജയവും മറ്റ് ടീമുകളുടെ ഫലങ്ങളുമാണ് അവര്‍ ഉറ്റുനോക്കുന്നത്. ഇരു ടീമുകളും ചേര്‍ന്നു മൈതാനത്ത് അടിച്ചുകൂട്ടിയത് 34 സിക്സുകള്‍! കൊല്‍ക്കത്ത 22 സിക്സും ഗുജറാത്ത് 12 സിക്സും പറത്തി. ഇരു ടീമുകളും ചേര്‍ന്നു പടുത്തുയര്‍ത്തിയത് 465 റണ്‍സ്.






