തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കര്‍ ആകും. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍. ഇരുവരും മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് വിവരം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ചീഫ് വിപ്പ് പദവിയാകും നല്‍കുക. മന്ത്രിസഭയില്‍ ഉണ്ടാകണമെന്ന ആഗ്രഹം തിരുവഞ്ചൂര്‍ പ്രകടിപ്പിച്ചെങ്കിലും പരിചയസമ്പത്തും നിയമസഭാ ചട്ടങ്ങളെക്കുറിച്ച് ധാരണയുള്ളയാളെന്ന നിലയിലാണ് സ്പീക്കര്‍ പദവിയിലേക്ക് പരിഗണിച്ചത്.
ആലപ്പുഴയില്‍ നിന്നും രമേശ് ചെന്നിത്തലയ്ക്കും എം ലിജുവിനും പുറമെ മന്ത്രിസ്ഥാനത്തേക്ക് എത്തിയേക്കുമെന്ന് കേട്ട പേരായിരുന്നു ഷാനിമോളുടേത്. കോണ്‍ഗ്രസ് വനിതാ എംഎല്‍എമാരിലെ ഏറ്റവും മുതിര്‍ന്ന നേതാവ് എന്ന പരിഗണന കൂടി ഗുണമാകുമെന്ന് കരുതിയിരുന്നെങ്കിലും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് പരിഗണിക്കുകയായിരുന്നു. കെപിസിസി കോര്‍കമ്മിറ്റിയിലെ ഏക വനിതാ അംഗമായ ഷാനിമോള്‍ ഉസ്മാന്‍ രണ്ടാംവട്ടമാണ് നിയമസഭാംഗമാവുന്നത്.






