അമൃത്സർ: ജീൻസ് ധരിച്ചതിനെ ചൊല്ലിയുണ്ടായ കുടുംബ തർക്കത്തിനിടെ പിതാവിന് നേരെ വെടിയുതിർന്ന 21കാരിയെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ഖൽചിയാൻ സ്വദേശിനിയായ സ്നേഹ്ദീപ് കൗറാണ് പിതാവ് പർമീന്ദർ സിംഗിന് നേരെ വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ പർമീന്ദർ സിംഗിനെ അമൃത്സറിലെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മേയ് 14നു രാവിലെയായിരുന്നു സംഭവം. ജീൻസും ടോപ്പും ധരിക്കുന്നതിനെ പിതാവ് എതിർത്തതിനെ തുടർന്നാണ് വീട്ടിൽ തർക്കമുണ്ടായത്. വാക്കുതർക്കം രൂക്ഷമായതോടെ യുവതി പിതാവിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം. പർമീന്ദർ സിംഗിന്റെ പുറത്തും തോളിലുമാണ് വെടിയേറ്റത്.
സംഭവത്തിന് പിന്നാലെ സ്നേഹ്ദീപ് കൗറിനെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിന് ഉപയോഗിച്ച ലൈസൻസുള്ള റിവോൾവറും നാല് വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു. ഉപരിപഠനത്തിനായി ഓസ്ട്രേലിയയിലേക്ക് പോകാനുള്ള യുവതിയുടെ ആഗ്രഹത്തെ പിതാവ് എതിർത്തിരുന്നതും വീട്ടിൽ മുൻപും തർക്കങ്ങൾക്ക് കാരണമായിരുന്നുവെന്നും പോലീസ് സൂചിപ്പിച്ചു. എന്നാൽ ഈ ആരോപണങ്ങൾ കുടുംബം നിഷേധിച്ചു. അറസ്റ്റിലായ യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






