മലപ്പുറം: എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ വിദ്യാർത്ഥിയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പറ്റ കാരാപ്പറമ്പ് അധികാരകുന്നത്ത് ശിഹാബുദ്ദീന്റെ മകൻ മുഹമ്മദ് ഷംസാൻ (15) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു സംഭവം.
പൂക്കൊളത്തൂർ സിഎച്ച്എംഎച്ച്എസ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ഷംസാൻ. കുളിമുറിയിലേക്ക് കയറിയ ഷംസാനെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടർന്ന് ഉമ്മ ഫാത്തിമ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് വെന്റിലേറ്ററിൽ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് കാരാപ്പറമ്പ് സ്കൂളിൽ പൊതുദർശനത്തിന് വെച്ച ശേഷം രണ്ടുമണിക്ക് കാരാപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
സഹോദരങ്ങൾ: പൈലറ്റ് പരിശീലനം നടത്തുന്ന സജ്മിൽ, ഫൗസാൻ, അഫ്‌നാൻ.






