ആലപ്പുഴ: ഉയർത്തിവെച്ചിരുന്ന ടിപ്പർ ലോറിയുടെ ഡംപ് ബോക്സ് താഴേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം. കാരാഴ്മ കൂടാത്തേത്ത് രവീന്ദ്രൻപിള്ളയുടെയും രാധാമണിയുടെയും മകൻ ഉണ്ണിക്കൃഷ്ണൻ (38) ആണ് മരിച്ചത്.
കാരാഴ്മ ദേവീക്ഷേത്രത്തിലെ അൻപൊലി-അരീപ്പറ മഹോത്സവത്തിന്റെ സമാപനദിനമായ വെള്ളിയാഴ്ച രാത്രി 8.30ഓടെയായിരുന്നു അപകടം. ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ ഡംപ് ബോക്സ് ഉയർത്തി നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ അടിയിൽ മഴയിൽനിന്ന് രക്ഷപ്പെടാനായി ഉണ്ണിക്കൃഷ്ണൻ കയറിനിന്നതായിരുന്നു. ഇതിനിടെ അബദ്ധത്തിൽ ലിവറിൽ തട്ടിയതോടെ ഡംപ് ബോക്സ് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ ഉണ്ണിക്കൃഷ്ണനെ പോലീസും നാട്ടുകാരും ചേർന്ന് ഉടൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.
ഭാര്യ: അജിതാദേവി. മക്കൾ: അനുഷ്, ആരുഷ്.






