പാലക്കാട്: കഞ്ചിക്കോട് അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിലെ പ്രതികൾക്ക് മണ്ണാർക്കാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. അട്ടപ്പള്ളം സ്വദേശികളായ എ അനു, എം ആനന്ദൻ, പി രാജേഷ്, ഷാജി, പി ജഗദീഷ്കുമാർ, കെ പ്രസാദ്, മുരളി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കേസിലെ ആറാം പ്രതിയായ കെ വിനോദ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.
പ്രതികൾക്കെതിരായ കുറ്റപത്രം ഇതുവരെ പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടില്ലെന്നും പ്രതികൾ 90 ദിവസം റിമാൻഡിൽ കഴിഞ്ഞതുമാണ് ജാമ്യം അനുവദിക്കാൻ കാരണമായതെന്ന് മണ്ണാർക്കാട് എസ്‌സി/എസ്‌ടി കോടതി ജഡ്ജി ജോമോൻ കെ ജോൺ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിച്ചതെന്നും കോടതി പറഞ്ഞു.
2025 ഡിസംബർ 17നാണ് ഈസ്റ്റ് അട്ടപ്പള്ളത്ത് ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായൺ ബാഗേൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബംഗ്ലാദേശിയാണെന്ന് ആരോപിച്ചാണ് ജാർഖണ്ഡ് സ്വദേശിയായ അതിഥിത്തൊഴിലാളിയെ ഒരു സംഘം മർദിച്ചതെന്നാണ് കേസ്. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജീവ് നടക്കാവിൽ ഹാജരായി.






