മൂന്ന് ദിവസം മുമ്പ് വരെ കെസി വേണുഗോപാലിനും വിഡി സതീശനും പിന്നാലെ പാഞ്ഞ മാധ്യമങ്ങളെ ഒറ്റയടിക്ക് തന്റെ പിന്നാലെയോടിച്ചയാളാണ് രമേശ് ചെന്നിത്തല. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ നിയുക്ത മുഖ്യമന്ത്രി വിഡി സതീശനേക്കാൾ മാധ്യമശ്രദ്ധ ചെന്നിത്തലയ്ക്കായിരുന്നു എന്നും അംഗീകരിക്കേണ്ടി വരും. മുഖ്യമന്ത്രി സ്ഥാനം കൈവിട്ടുപോയെങ്കീലും അസാധാരണ രാഷ്ട്രീയ തന്ത്രജ്ഞത സ്വതസിദ്ധമായുളള നേതാവാണ് രമേശ് ചെന്നിത്തലയെന്ന് ആർക്കും സംശയം കാണില്ല.
എക്കാലത്തും തനിക്ക് ഒപ്പം നിന്ന അൻവർ സാദത്തിനേയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യ പിന്തുണ കെ സി വേണുഗോപാലിന് നൽകിയ ഐ സി ബാലകൃഷ്ണനേയും രമേശ് ചെന്നിത്തല മന്ത്രിസ്ഥാനത്തേക്ക് നിർദ്ദേശിക്കാൻ കാരണമെന്താവും? തനിക്ക് ആഭ്യന്തര വകുപ്പ് ഉറപ്പിക്കുന്നതിനൊപ്പം ഒരേ സമയം കെ സി വേണുഗോപാലിനും വി ഡി സതീശനും ചെക്ക് വയ്ക്കുന്നതാണ് രമേശിന്റെ നീക്കം. ഹൈക്കമാൻഡിന്റെ മനസും മനസിലിരുപ്പും ശൈലിയും തിരിച്ചറിഞ്ഞുളള ചീട്ടാണ് ഇറക്കിയത്. അതും മെറിറ്റ് മുന്നിൽ വെച്ചുള്ള ഡിമാൻഡ് ആയതിനാൽ വെട്ടാൻ അത്ര എളുപ്പമാവില്ലെന്ന് ചെന്നിത്തലയ്ക്കും നന്നായിട്ട് അറിയാം. പട്ടിക വിഭാഗങ്ങളിൽ നിന്ന് രണ്ട് പേരും രണ്ട് സ്ത്രീകളും കോൺഗ്രസ് മന്ത്രി പട്ടികയിൽ ഉണ്ടാവണം എന്നത് ഹൈക്കമാൻഡ് നിർദേശമാണ്. അവിടെയാണ് ചെന്നിത്തലയുടെ നീക്കത്തിന്റെ പ്രസക്തി.
പട്ടിക വർഗ സംവരണ മണ്ഡലമായ സുൽത്താൻ ബത്തേരി രൂപം കൊണ്ട കാലം മുതൽ നാലാം വിജയമാണ് ഐ സി ബാലകൃഷ്ണൻ
നേടിയത്. പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിനായി രണ്ട് മന്ത്രിമാരെ നൽകുമ്പോൾ അതിൽ ഒരാൾ പട്ടിക വർഗത്തിൽ നിന്നായാൽ കെപിസിസി ശരിക്കും വിയർക്കും. നാല് തുടർ ജയം നേടിയ പട്ടിക വർഗക്കാരനായ ചെറുപ്പക്കാരന്റെ പേര്, അതും വയനാട്ടിൽ നിന്ന്് ഹൈക്കമാൻഡിന് മുന്നിലെ പട്ടികയിൽ ഉണ്ടെങ്കിൽ, മറ്റൊന്നും നോക്കാതെ അത് അംഗീകരിക്കണമെന്ന് രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും ഒരു പോലെ പറയാനാണ് സാധ്യത.
ഐ സി ബാലകൃഷ്ണൻ മന്ത്രിയായാൽ അത് ചെന്നിത്തലയുടെ കെയർ ഓഫിലാകും. മൂന്ന് എംഎൽഎ മാത്രമുള്ള ഏറ്റവും ചെറിയ ജില്ലയായ വയനാട്ടിൽ നിന്ന് രണ്ട് മന്ത്രിസ്ഥാനം പ്രായോഗികമല്ല. അങ്ങനെ മുൻ എ ഗ്രൂപ്പുകാരനും ഇപ്പോൾ കെ സി പക്ഷക്കാരനുമായ ടി സിദ്ദിഖിനെയും വെട്ടാം. അവിടെ മറ്റൊരു തന്ത്രപരമായ നീക്കവുമുണ്ട്. ടി സിദ്ദിഖ് കഴിഞ്ഞാൽ മുസ്ലീം വിഭാഗത്തിൽ രണ്ട് പേരുകളാണ് പ്രധാനം, ഷാനിമോൾ ഉസ്മാനും അൻവർ സാദത്തും. ഷാനിമോൾ വി ഡി പക്ഷമാണ്. ആലപ്പുഴയിൽ നിന്നും രമേശ് ചെന്നിത്തലയും എം ലിജുവും മന്ത്രിമാരായാൽ ഷാനിമോൾ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം കൊണ്ട് തൃപ്തിപ്പെടണം. അപ്പോൾ സ്വാഭാവികമായും അടുത്തയാളിലേക്ക് വരും. അത് അൻവർ സാദത്താണ്. മുസ്ലീം വിഭാഗത്തിൽ നിന്നുളള ഏറ്റവും സീനിയറായ കോൺഗ്രസ് എംഎൽഎ. 2011 മുതൽ ഇടത് തരംഗം വീശിയ 2016, 2021 അടക്കം നാലാം തവണയാണ് അൻവർ സാദത്ത് വിജയിക്കുന്നത്.
സ്ത്രീ, പട്ടിക വിഭാഗ പ്രാതിനിധ്യം ഒരു പോലെ ഉറപ്പാക്കാൻ കഴിയുന്ന കെ എ തുളസിയുടെ പേരടക്കം മന്ത്രി ചർച്ചയിൽ പൊടുന്നനെ മുന്നോട്ടു വന്നതും രമേശിന്റെ നീക്കത്തിലെ അപകട സാധ്യത തിരിച്ചറിഞ്ഞാണ്. പക്ഷേ നിലവിൽ തുളസി ചർച്ചകൾക്ക് പുറത്താണ്.
ഇത് പൂർണമായി നടന്നാൽ തന്റെ പക്ഷത്ത് നിന്നും രണ്ട് പേരെ മന്ത്രിമാരാക്കാൻ കഴിയും. കെ സി, വി ഡി പക്ഷത്ത് നിന്നും രണ്ട് പേർ കുറയും. അത് ഒഴിവാക്കാനായി ഇരുവർക്കും വിട്ടുവീഴ്ച ചെയ്യേണ്ടി വരും. ഇത്തരമൊരു നീക്കം നടത്തിയില്ലെങ്കിൽ കാര്യമായൊന്നും കിട്ടാൻ സാധ്യതയില്ലാത്തിടത്താണ് ചെന്നിത്തലയെന്ന രാഷ്ട്രീയ തന്ത്രജ്ഞനെ നമുക്ക് കാണാനാവുക. അന്തിമമ തീരുമാനം വരുമ്പോൾ ഇങ്ങനെ തന്നെ ആവണം എന്നുറപ്പൊന്നുമില്ലെങ്കിലും നീക്കം മികച്ചത് തന്നെയെന്ന് സമ്മതിക്കാം. സാധ്യതയുടെ കലയായ രാഷ്ട്രീയത്തിൽ ഒരാളെ അകത്ത് കടത്താനായാൽ പോലും അത് വലിയ വിജയമാണ്. ഇനി അതും ലഭിച്ചില്ലെങ്കിലും വിജിലൻസ് അടക്കമുളള ആഭ്യന്തരം ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കും. പിന്നീടുളള കാലം ഈ രണ്ടു പേരെയും ഒപ്പം നിർത്താനും കഴിയും.
നീക്കം പൂർണമായോ ഭാഗികമായോ പൊളിക്കാൻ ചിലപ്പോൾ എതിർ പക്ഷങ്ങൾക്ക് കഴിഞ്ഞേക്കാം. പക്ഷേ നാല് തവണ തുടർച്ചയായി ജയിച്ച പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഏറ്റവും സീനിയറായ താരതമ്യേന ചെറുപ്പക്കാരുടെ പേര് മന്ത്രിപ്പട്ടികയിൽ നിന്ന് വെട്ടുന്നത് ഹൈക്കമാൻഡിന് അത്ര അനായാസമാവില്ല. ഇനി മുന്നോട്ടു വയ്ക്കാൻ കരുക്കളില്ലാതെ പരാജിതനായെന്ന് മറ്റുളളവർ കരുതുന്നിടത്തു നിന്നും അസാമാന്യ തന്ത്രജ്ഞതയിലൂടെ തിരിച്ചു വരവ് നടത്തിയിട്ടുളള കെ കരുണാകരന്റെ കളരിയിൽ പഠിച്ച പാഠങ്ങൾ മറന്നിട്ടില്ലാത്ത ശിഷ്യൻ കൂടിയാണ് ചെന്നിത്തല എന്നും ഇത് ഓർമിപ്പിക്കുന്നു.






