മലപ്പുറം: കോട്ടക്കലിലെ ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ 89 ഗ്രാം എം.ഡി.എം.എയുമായി മൂന്നംഗ സംഘം പിടിയിലായി. ഊരകം പുത്തന്‍പീടിക കോഴിക്കര മാട്ടില്‍ ഉസ്മാന്‍ (28), മൊറയൂര്‍ സ്വദേശി കൊളൊറുടിവില്‍ ഫിറോസ് (38), വേങ്ങര തച്ചാരുപടിക്കല്‍ അഷ്‌റഫ് (37) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ദീപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. വില്‍പ്പനയ്ക്കായി ലഹരിമരുന്ന് എത്തിച്ചതാണെന്ന് പൊലീസ് അറിയിച്ചു. അഷ്‌റഫിനെതിരെ നേരത്തെ മൂന്ന് കേസുകളും നിലവിലുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി.യ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടപ്പടി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ഡാന്‍സാഫ് സംഘത്തിലെ എസ്.ഐ വിഷ്ണു, ബിജു, മുഹമ്മദ് സലീം, ജസീര്‍, രജിത്ത്, കോട്ടക്കല്‍ എ.എസ്.ഐ രാമദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ എക്‌സൈസ് വിശദമായ അന്വേഷണം തുടരുകയാണ്.
ഇതിനിടെ തിരൂരില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 2.2 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. വെട്ടം പറവണ്ണ സ്വദേശി അരയന്റെ പുരക്കല്‍ ഷഹലു (22) ആണ് അറസ്റ്റിലായത്. തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്. തിരൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അനുശ്രീയുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.കെ. സൂരജ്, പി. പ്രഗേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ ഗിരീഷ്, ഷിജിത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കണ്ണന്‍, ശരത്, വിനീഷ്, ഡ്രൈവര്‍ ശ്രീജിത് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.






