ദുബായ്: റഷ്യ–ഉക്രയ്ൻ യുദ്ധത്തിനിടെ യുദ്ധതടവുകാരുടെ കൈമാറ്റത്തിൽ യുഎഇ നടത്തിയ പുതിയ മധ്യസ്ഥ ശ്രമം വിജയകരമായതായി അധികൃതർ അറിയിച്ചു. ഇരുരാജ്യങ്ങളും 205 വീതം തടവുകാരെ പരസ്പരം മോചിപ്പിച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ യുഎഇയുടെ മധ്യസ്ഥതയിൽ ഇതുവരെ കൈമാറിയ യുദ്ധതടവുകാരുടെ ആകെ എണ്ണം 7101 ആയി.
മധ്യസ്ഥ ശ്രമങ്ങൾക്ക് സഹകരിച്ച റഷ്യക്കും ഉക്രയ്നിനും യുഎഇ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള യുഎഇയുടെ നയതന്ത്ര ഇടപെടലുകളിൽ ഇരുരാജ്യങ്ങൾക്കും വിശ്വാസമുണ്ടെന്നതിന് തെളിവാണ് ഈ സഹകരണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇത് യുഎഇയുടെ 23-ാമത് മധ്യസ്ഥ ഇടപെടലാണെന്നും റഷ്യ–ഉക്രയ്ൻ യുദ്ധത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു. അഭയാർഥികളും യുദ്ധതടവുകാരും ഉൾപ്പെടെയുള്ള മാനുഷിക പ്രശ്നങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനും യുഎഇ പിന്തുണ നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മോചിതരായ റഷ്യൻ സൈനികരെ ബെലാറൂസിലേക്ക് മാറ്റിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവർക്ക് ആവശ്യമായ ചികിത്സയും സഹായങ്ങളും നൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. തങ്ങളുടെ യുദ്ധതടവുകാർ സുരക്ഷിതമായി തിരിച്ചെത്തിയതായി ഉക്രയ്നും സ്ഥിരീകരിച്ചു.






