തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ഭരണം കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും പ്രതീക്ഷ നൽകുന്നതായിരിക്കുമെന്ന് നിയുക്ത മന്ത്രി രമേശ് ചെന്നിത്തല. ജനങ്ങൾക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് തന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര വകുപ്പ് മന്ത്രിയായുള്ള ചുമതലയിൽ ജനങ്ങൾക്ക് സ്വൈര്യജീവിതം ഉറപ്പാക്കാൻ പ്രവർത്തിക്കുമെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിസ്ഥാനം നേടാൻ താൻ യാതൊരു പോരാട്ടവും നടത്തിയിട്ടില്ലെന്നും, മുഖ്യമന്ത്രി ഇഷ്ടമുള്ള വകുപ്പ് തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
എല്ലാവരെയും ഒരുപോലെ പരിഗണിക്കാൻ കഴിയാത്തതിൽ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഞാൻ ഹാപ്പിയാണോ എന്നതല്ല പ്രധാന്യം, ജനങ്ങൾ ഹാപ്പിയാണോ എന്നതാണ് പ്രധാനപ്പെട്ടത്,” എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് ചെന്നിത്തലയുടെ മറുപടി.
പാർട്ടി തനിക്ക് നിരവധി ഉത്തരവാദിത്തങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 27-ാം വയസ്സിൽ എംഎൽഎയായതും 28-ാം വയസ്സിൽ മന്ത്രിയായതും ഇന്നും ആരും തകർക്കാത്ത റെക്കോർഡാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ഏൽപ്പിക്കുന്ന ഏത് ദൗത്യവും ആത്മാർത്ഥമായി നിർവഹിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.






