തായ്‌പേയ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തായ്‌വാന്റെ നിലപാട് വ്യക്തമാക്കി പ്രസിഡന്റ് ലായ് ചിങ്-ടെ. തായ്‌വാൻ ആരെയും പ്രകോപിപ്പിക്കില്ലെങ്കിലും ചൈനയുടെ സമ്മർദ്ദത്തിന് വഴങ്ങി പരമാധികാരവും ജനാധിപത്യ ജീവിതരീതിയും ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബീജിംഗിൽ നടന്ന ഉച്ചകോടിക്കിടെ തായ്‌വാൻ വിഷയം ട്രംപും ഷിയും ചർച്ച ചെയ്തിരുന്നു. തായ്‌വാൻ ചൈനയുടെ ഭാഗമാണെന്നും ഇരുരാജ്യ ബന്ധത്തിലെ ഏറ്റവും നിർണായക വിഷയമാണിതെന്നും ഷി ജിൻപിങ് ട്രംപിനെ അറിയിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വിഷയത്തിൽ വീഴ്ച സംഭവിച്ചാൽ അത് യുദ്ധത്തിലേക്ക് നയിക്കാമെന്നും ഷി മുന്നറിയിപ്പ് നൽകിയിരുന്നു.
ബീജിംഗ് സന്ദർശനത്തിന് ശേഷം നൽകിയ അഭിമുഖത്തിൽ തായ്‌വാൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ താൻ പിന്തുണയ്ക്കുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ചൈനയുമായുള്ള യുദ്ധം ഒഴിവാക്കാനാണ് അമേരിക്കയുടെ താൽപര്യമെന്നും തായ്‌വാൻ വിഷയത്തിൽ യുഎസിന്റെ നയത്തിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തായ്‌വാനെ സ്വയം പ്രതിരോധിക്കാൻ സഹായിക്കുന്ന ആയുധങ്ങൾ നൽകാൻ അമേരിക്കയ്ക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ട്രംപിന്റെ പരാമർശങ്ങൾക്ക് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് ലായ് ചിങ്-ടെ പ്രതികരിച്ചത്. തായ്‌വാൻ ഇതിനകം തന്നെ സ്വതന്ത്രവും പരമാധികാരവുമുള്ള ജനാധിപത്യ രാഷ്ട്രമാണെന്നും അതിനാൽ പുതിയ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തായ്‌വാന്റെ ഭാവി അവിടുത്തെ ജനങ്ങളുടെ തീരുമാനപ്രകാരമായിരിക്കും നിശ്ചയിക്കപ്പെടുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുല്യതയും പരസ്പര ബഹുമാനവും അടിസ്ഥാനമാക്കി ചൈനയുമായി ചർച്ചകൾക്ക് തായ്‌വാൻ തയ്യാറാണെങ്കിലും ഏകീകരണത്തിന്റെ പേരിലുള്ള ഭീഷണികൾ അംഗീകരിക്കില്ലെന്നാണ് ലായിയുടെ നിലപാട്. തായ്‌വാനെ ചൈനയുമായി ഏകീകരിക്കാൻ സൈനിക ശക്തി പ്രയോഗിക്കാനും മടിക്കില്ലെന്നാണ് ബീജിംഗിന്റെ നിലപാട്. എന്നാൽ നിലവിലെ സാഹചര്യം തുടരാനാണ് ഭൂരിഭാഗം തായ്‌വാൻ ജനതയും ആഗ്രഹിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.






