പത്തനംത്തിട്ട: സന്നിധാനത്ത് ഭക്തർ വഴിപാടായി നൽകുന്ന പൂജാദ്രവ്യങ്ങളുടെ പേരിൽ തട്ടിപ്പ് നടന്നതായി ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ഇന്ന് ദേവസ്വം ബെഞ്ച് പരിഗണിച്ചേക്കും. തീർഥാടകർ നൽകിയ പണത്തിന് മുഴുവൻ രസീത് നൽകാത്ത ദേവസ്വം ജീവനക്കാരനെതിരെ നടപടിക്ക് വിജിലൻസ് നേരത്തെ ശുപാർശ ചെയ്തിരുന്നു. പടിപൂജയിലും ആടിയശിഷ്ടം നെയ്യ് തയ്യാറാക്കുന്നതിലും വിതരണത്തിലുമുണ്ടായ ക്രമക്കേടുകൾക്ക് പിന്നാലെയാണ് പുതിയ തട്ടിപ്പ് പുറത്തുവന്നത്.
പാലക്കാട് സ്വദേശിയും കൊല്ലത്തെ വ്യവസായിയുമായ സുനിൽ കുമാർ എന്ന സുനിൽ സ്വാമി വഴിപാടായി നൽകുന്ന പൂജാസാധനങ്ങൾ ഗണപതിഹോമത്തിനും നിവേദ്യം തയ്യാറാക്കുന്നതിനുമായി ഉപയോഗിച്ചശേഷം, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാർ അവ വിലകൊടുത്ത് വാങ്ങിയതായി ബില്ലുകൾ തയ്യാറാക്കി പതിറ്റാണ്ടായി തട്ടിപ്പ് നടത്തുകയാണെന്നാണ് വിജിലൻസ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഇതുസംബന്ധിച്ച് സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധന വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏകദേശം 54 ലക്ഷം രൂപ വിലവരുന്ന വഴിപാട് സാധനങ്ങളാണ് ഓരോ വർഷവും സുനിൽ സ്വാമി സമർപ്പിക്കുന്നതെന്നാണ് കണ്ടെത്തൽ. ഇവ വഴിപാടായി ലഭിക്കുന്നതിനാൽ ദേവസ്വം സ്റ്റോറിന്റെ ഔദ്യോഗിക കണക്കിൽ ഉൾപ്പെടുത്താറില്ല. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസിനും മേൽശാന്തി മുറിക്കും ഇടയിലുള്ള എസി മുറിയിലാണ് സാധനങ്ങൾ സൂക്ഷിക്കുന്നത്. ഈ മുറി നവീകരിച്ചതും സുനിൽ സ്വാമിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
സൗജന്യമായി ലഭിച്ച സാധനങ്ങൾ ഉപയോഗിച്ച് നിത്യപൂജകൾ നടത്തിയശേഷം ചെലവുകൾ ദേവസ്വം ഓഫിസർമാർ രേഖപ്പെടുത്തുന്നതാണ് പതിവെന്നും വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. അഷ്ടാഭിഷേകത്തിന് 6000 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിൽ 5700 രൂപയുടെ സാധനങ്ങൾ ദേവസ്വം സ്റ്റോറിൽ നിന്നെടുത്തശേഷം ബാക്കി 300 രൂപയ്ക്ക് പാൽ, പനിനീര്, കരിക്ക് എന്നിവ വാങ്ങിയതായി രേഖപ്പെടുത്തുന്ന രീതിയും റിപ്പോർട്ടിൽ പരാമർശിക്കുന്നു.






