തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശ പ്രകാരം ദേശീയ ഗാനത്തിന് മുൻപ് വന്ദേമാതരം ആലപിച്ചു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് വന്ദേമാതരം ആലപിച്ചത്. വന്ദേമാതരവും ദേശീയ ഗാനവും ആലപിക്കുന്ന സദസില്‍ ആദ്യം വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകള്‍ ആലപിക്കണമെന്ന് ജനുവരി 28ന് കേന്ദ്രം ഉത്തരവ് ഇറക്കിയിരുന്നു. ഇത് കണക്കിലെടുത്താണ് വന്ദേമാതരം ആലപിച്ചത്.
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് സത്യപ്രതിജ്ഞ ചെയ്യുമ്പോഴും വന്ദേമാതരം ആലപിച്ചിരുന്നു. എന്നാല്‍ തമിഴ് ഗീതത്തിന് മുമ്പായി വന്ദേമാതരം ആലപിച്ചതിനെതിരെ തമിഴ്‌നാട്ടില്‍ വലിയ വിമര്‍ശനം ഉണ്ടായിരുന്നു. എന്നാൽ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവന്ദേു അധികാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആ ചടങ്ങില്‍ പങ്കെടുത്തിരുന്നെങ്കിലും നിർദ്ദേശം പാലിച്ചില്ല.






