ചെന്നൈ: സൂര്യ നായകനായ കറുപ്പ് തിയേറ്ററുകളിൽ മികച്ച വിജയത്തോടെ മുന്നേറവേ സിനിമയുടെ വിജയത്തെക്കുറിച്ച് താരം പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് പുതിയ ചർച്ചകൾക്ക് വഴിവെച്ചു.
ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ട് സൂര്യ രണ്ടുദിവസം മുൻപ് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. നിർമാതാവ് എസ്.ആർ. പ്രഭു, സംവിധായകൻ ആർ.ജെ. ബാലാജി, സംഗീത സംവിധായകൻ സായ് അഭ്യങ്കർ, ഛായാഗ്രാഹകൻ ജി.കെ. വിഷ്ണു, എഡിറ്റർ കലൈവാണൻ എന്നിവരെ പോസ്റ്റിൽ പ്രത്യേകം പരാമർശിച്ചിരുന്നു. എന്നാൽ ചിത്രത്തിലെ നായികയായ തൃഷയെ പോസ്റ്റിൽ പരാമർശിക്കാത്തതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ഇത് അശ്രദ്ധയാണോ അല്ലെങ്കിൽ ബോധപൂർവമായ ഒഴിവാക്കലാണോ എന്നാണ് ആരാധകരിൽ ചിലർ ചോദിക്കുന്നത്.
ഒരു വിഭാഗം ആളുകൾ നായികയെ അവഗണിച്ചുവെന്ന് വിമർശിക്കുമ്പോൾ, മറ്റുചിലർ ഈ പോസ്റ്റ് പ്രധാനമായും സാങ്കേതിക പ്രവർത്തകരെ അഭിനന്ദിക്കാനായിരുന്നു എന്നാണ് വാദിക്കുന്നത്. സിനിമയുടെ പ്രചാരണ വീഡിയോയിൽ സൂര്യ തൃഷയ്ക്ക് നന്ദി പറഞ്ഞിരുന്നുവെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സൂര്യയുടെ അതേ പോസ്റ്റ് തൃഷ സ്വന്തം സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചതും ശ്രദ്ധേയമായി. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രം ലോകവ്യാപകമായി 147 കോടി രൂപ നേടിയതായി നിർമാതാക്കൾ അറിയിച്ചു. ഇന്ദ്രൻസ്, സ്വാസിക, ശിവദ, നാട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.






