ആലപ്പുഴ: മന്ത്രി എം.ലിജുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കായംകുളം മുൻ എംഎൽഎ യു. പ്രതിഭ. ലിജുവിന്റെ വിജയം ശരിയായ രീതിയിലല്ല ഉണ്ടായതെന്നും സഹതാപ തരംഗവും അപവാദ പ്രചാരണവും ഉപയോഗിച്ചാണ് വിജയം നേടിയതെന്നും യു. പ്രതിഭ ആരോപിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു മുൻ എംഎൽഎയുടെ പ്രതികരണം.
ലിജു കരഞ്ഞ് വോട്ട് നേടിയെന്നാണ് യു. പ്രതിഭയുടെ ആരോപണം. താൻ കരഞ്ഞത് വോട്ടിനുവേണ്ടിയല്ലെന്നും അവർ പറഞ്ഞു. വീടുകൾ കയറി വ്യക്തിപരമായ അപവാദങ്ങൾ പ്രചരിപ്പിച്ചുവെന്നും മണ്ഡലത്തിൽ യു.ഡി.എഫ് വ്യാപകമായി പണമൊഴുക്കിയെന്നും യു. പ്രതിഭ ആരോപിച്ചു.
വിജയവും പരാജയവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെങ്കിലും വിജയിച്ചവർ നാടിനുവേണ്ടി എന്ത് ചെയ്യുന്നു എന്നതാണ് പ്രധാനമെന്ന് അവർ പറഞ്ഞു. യു.ഡി.എഫിന്റെ വിജയം കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെങ്കിലും തനിക്കെതിരെ വലിയ തോതിൽ കള്ളപ്രചാരണങ്ങൾ നടന്നുവെന്നും പ്രതിഭ ആരോപിച്ചു.
“രണ്ട് തവണ പ്രതിഭ ജയിച്ചില്ലേ, ഇനി യു.ഡി.എഫിന് അവസരം നൽകണം” എന്ന തരത്തിൽ പ്രചാരണം നടന്നുവെന്നും, തന്നെ വില്ലത്തിയായി ചിത്രീകരിച്ചാണ് വീടുകൾ കയറിയുള്ള പ്രചാരണം നടത്തിയതെന്നും അവർ പറഞ്ഞു. ഇതുവഴി മണ്ഡലത്തിൽ സഹതാപ തരംഗം സൃഷ്ടിച്ചുവെന്നാണ് യു. പ്രതിഭയുടെ ആരോപണം.
തനിക്ക് വോട്ട് ചെയ്ത കായംകുളത്തെ ജനങ്ങളോട് നന്ദിയുണ്ടെന്നും, എംഎൽഎയായി ഒന്നും ചെയ്തില്ലെന്ന് പറയുന്നവരോട് മറുപടി പറയാനില്ലെന്നും അവർ വ്യക്തമാക്കി. കായംകുളത്തിനായി നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും അഴിമതിയുടെ ഒരു കറ പോലും തന്റെ കൈകളിൽ ഇല്ലെന്നും യു. പ്രതിഭ പറഞ്ഞു.
മകനെ കുറിച്ചും അനാവശ്യ ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നും, അതുസംബന്ധിച്ച വിവാദങ്ങൾക്ക് ഉടൻ മറുപടി നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.






