റിയാദ്: ഇറാഖ് വ്യോമാതിർത്തിയിൽ നിന്ന് വിക്ഷേപിച്ച മൂന്ന് ഡ്രോണുകൾ ഉപയോഗിച്ച് സൗദി അറേബ്യക്കെതിരെ നടത്തിയ ആക്രമണത്തെ ഗൾഫ്, അറബ് രാജ്യങ്ങൾ ശക്തമായി അപലപിച്ചു.
സൗദിയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഏത് നടപടിക്കുമെതിരെ രാജ്യത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് വിവിധ പ്രാദേശിക രാജ്യങ്ങൾ രംഗത്തെത്തിയത്.
ഗൾഫ് സഹകരണ കൗൺസിൽ ജനറൽ സെക്രട്ടറി ജാസിം അൽ ബുദൈവി ആക്രമണത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു. മേഖലയിലെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള ഗുരുതരമായ ശ്രമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന തരത്തിൽ തുടരുന്ന ഇത്തരം പ്രകോപനപരമായ ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.






