മുംബൈ: തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. 2026 ജൂൺ 4ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ദേശീയ പുരസ്‌കാര ജേതാവായ ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരുവാണ് നിർമിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്സും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. മുംബൈയിലെ ജിയോ വേൾഡ് ഡ്രൈവിൽ നടന്ന ചടങ്ങിലാണ് ട്രെയ്‌ലർ പുറത്തിറക്കിയത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ട്രെയ്‌ലർ പുറത്തുവന്നിട്ടുണ്ട്.
ചിത്രത്തിൽ ‘പെദ്ധി’ എന്ന ടൈറ്റിൽ കഥാപാത്രമായാണ് രാം ചരൺ എത്തുന്നത്. ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവയിൽ മികവ് തെളിയിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. വലിയ കാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ആക്ഷൻ, പ്രണയം, വികാരം, ത്രിൽ എന്നിവ ചേർത്ത് കഥ പറയുന്ന രീതിയാണ് ട്രെയ്‌ലർ വ്യക്തമാക്കുന്നത്.
രാം ചരണിന്റെ അഭിനയ ജീവിതത്തിലെ ശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ‘പെദ്ധി’യെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ചിത്രത്തിനായി രാം ചരൺ നടത്തിയ ശാരീരിക മാറ്റം അവതരിപ്പിച്ച ഗ്ലിംപ്സ് വീഡിയോ നേരത്തെ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു.
ബോളിവുഡ് താരം ജാൻവി കപൂറാണ് ചിത്രത്തിലെ നായിക. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിൽ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരൺ-ശിവരാജ് കുമാർ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
എ.ആർ. റഹ്മാൻ സംഗീതം നൽകിയ ‘ചികിരി ചികിരി’, ‘റായ് റായ് രാ രാ’ ഗാനങ്ങൾ ഇതിനോടകം തന്നെ വലിയ ജനപ്രീതി നേടിയിട്ടുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിൽ ഗ്ലിംപ്സും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
ഛായാഗ്രഹണം രത്നവേലു, എഡിറ്റിംഗ് നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ അവിനാഷ് കൊല്ല എന്നിവരാണ് നിർവഹിക്കുന്നത്.






