തൃശ്ശൂർ: എടത്തിരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എടത്തിരുത്തി അയ്യൻപടി സ്വദേശി അനൂപ് (42) ആണ് തൃശ്ശൂർ റൂറൽ പൊലീസ്യുടെ പിടിയിലായത്. എടത്തിരുത്തി കാളിക്കുട്ടി സാംസ്‌കാരിക നിലയത്തിന് സമീപം വട്ടപ്പുള്ളി വീട്ടിൽ അനീഷ് (43) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ അനീഷും അനൂപും ഉൾപ്പെടെ അഞ്ച് സുഹൃത്തുക്കൾ അയ്യൻപടിയിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷം രാത്രി എട്ടുമണിയോടെ അനീഷും അനൂപും തമ്മിൽ തർക്കമുണ്ടായി. ഈ വൈരാഗ്യത്തെ തുടർന്ന് അനൂപ് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അനീഷിന്റെ വയറ്റിൽ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ അനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.






